കോഴിക്കോട് : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ഐ.ടി മിഷനും സംയുക്തമായി ഒരുക്കിയ കൊവിഡ് -19 ജാഗ്രത പോർട്ടലിന് രണ്ടു കോടിയിലധികം ഹിറ്റുകൾ .
പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കൊവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകർച്ചവ്യാധി മാനേജ്മെന്റ് സംവിധാനമാണ് കൊവിഡ് -19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.
കൊവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ മേൽനേട്ടത്തിൽ പോർട്ടലിന് രൂപം നൽകിയത്. കൊവിഡ് സേവനങ്ങൾ ഉൾക്കൊള്ളിച്ച് രൂപകല്പന ചെയ്ത ആപ്ലിക്കേഷൻ രാജ്യത്ത് ആദ്യത്തേതായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിച്ചിരുന്നു.
ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനും വിദഗ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും തയ്യാറാക്കി. ഹോസ്പിറ്റൽ ഹെൽത്ത് കെയർ എന്ന ആശയവും ഇതിൽ ചേർത്തിട്ടുണ്ട്. നിലവിൽ പുതുതായി കൊവിഡ് ഐ.സി.യുകളെ ബന്ധിപ്പിക്കുന്ന ഐ.സി.യു ഗ്രിഡ് സംവിധാനവും കൊവിഡ് 19 ജാഗ്രത പോർട്ടലിൽ പ്രവർത്തന സജ്ജമായി. സ്വകാര്യ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചികിത്സാധന സഹായത്തിനുള്ള റഫറൽ ലെറ്ററും പോർട്ടൽ മുഖേന നൽകുന്നുണ്ട്.