നെയ്റോബി : മനുഷ്യന്റെ രൂപത്തിന്റെ പേരിലുള്ള വിവേചനങ്ങൾ ലോകത്ത് എല്ലായിടത്തും കാണാൻ സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ വർഷങ്ങളായി നാട്ടുകാരിൽ നിന്നും വിവേചനവും പരിഹാസവും ഏറ്റുവാങ്ങിയ ആളാണ് 21 കാരനായ സാൻസിമൻ എല്ലി. റുവാണ്ട സ്വദേശിയായ എല്ലിയ്ക്ക് മൈക്രോസെഫലി എന്ന അപൂർവ രോഗമുണ്ട്. ഈ രോഗത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അവരുടെ തലയ്ക്ക് ശരീരത്തേക്കാൾ വലിപ്പം കുറവായിരിക്കും.
രോഗാവസ്ഥ കാരണം എല്ലിയ്ക്ക് സംസാരശേഷിയുമില്ല. എല്ലിയുടെ രൂപത്തെ അവന്റെ നാട്ടിലെ കുട്ടികളും മുതിർന്നവരും പരിഹസിക്കുന്നത് പതിവാണ്. കുത്തുവാക്കുകൾ കേൾക്കാതിരിക്കാൻ എല്ലി കാടിനെയാണ് അഭയം പ്രാപിക്കുന്നത്. ദിവസത്തിൽ ഭൂരിഭാഗം സമയവും അവൻ കാട്ടിലാണ് ചെലവഴിക്കുന്നത്. അങ്ങനെ എല്ലിയ്ക്ക് മറ്റൊരു പേര് കൂടി വീണു ; ' റിയൽ - ലൈഫ് മൗഗ്ലി '.
എല്ലിയുടെ അമ്മയ്ക്ക് ആദ്യമുണ്ടായ അഞ്ച് കുഞ്ഞുങ്ങളെയും നഷ്ടമായിരുന്നു. ഒടുവിൽ ആറ്റുനോറ്റുണ്ടായ കുഞ്ഞാണ് എല്ലി. എന്നാൽ എല്ലിയുടെ മുഖത്തെ നാട്ടുകാർ പരിഹസിക്കുന്നത് വേദനയോടെയാണ് ഈ അമ്മ കേൾക്കുന്നത്. കേൾവി ശക്തിയ്ക്കും തകരാറുള്ള എല്ലി ഇതുവരെ സ്കൂളിൽ പോയിട്ടില്ല. കാടു കയറുന്ന എല്ലി പലപ്പോഴും കാട്ടിലെ പഴങ്ങളും മറ്റുമാണ് ആഹാരമാക്കുന്നത്. ചിലപ്പോൾ പുല്ലും എല്ലി കഴിക്കാറുണ്ട്.
വേഗത്തിൽ ഓടാനും മരം കയറാനും അറിയാവുന്ന എല്ലിയ്ക്ക് മറ്റുള്ളവർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യാനേ അറിയൂ. മകനെ കുരങ്ങൻ എന്ന് വിളിച്ച് പരിഹസിക്കുന്ന നാട്ടുകാരും കുട്ടികളും ചിലപ്പോൾ അവനെ ഉപദ്രവിക്കാറുണ്ടെന്നും എല്ലിയുടെ അമ്മ പറയുന്നു. ഗ്രാമത്തിൽ നിന്നും കാട്ടിലേക്ക് ഓടി പോകുന്ന എല്ലിയെ വളരെ പാടുപെട്ടാണ് അമ്മ കാൽനടയായി പോയി തിരികെ കൊണ്ടുവരുന്നത്.
ആഫ്രിമാക്സ് ടിവി എന്ന ചാനൽ എല്ലിയുടെ അമ്മയുടെ അഭിമുഖം നടത്തിയതോടെയാണ് അവരുടെ ജീവിതം പുറംലോകം അറിയുന്നത്. ജോലി നഷ്ടപ്പെട്ട അമ്മ ഇപ്പോൾ എല്ലിയെ എങ്ങനെ വളർത്തുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. എന്നാൽ ആഫ്രിമാക്സ് ടിവി തന്നെ എല്ലിയേയും അമ്മയേയും സഹായിക്കാൻ ഒരു കാമ്പെയിന് തുടക്കം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എല്ലിയ്ക്ക് സഹായ വാഗ്ദ്ധാനവുമായി എത്തിയിട്ടുള്ളത്. ഇതുവരെ 2,92,017 രൂപ ഇവർ എല്ലിയ്ക്കായി സമാഹരിച്ചു കഴിഞ്ഞു.