തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗര - ഗ്രാമ വ്യത്യാസമില്ലാതെയുള്ള ഇടതുമുന്നണിയുടെ തേരോട്ടത്തിന് സാക്ഷിയായിരുന്നു തലസ്ഥാനം. കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തിയപ്പോൾ ജില്ലാ പഞ്ചായത്തിൽ ഇടതുപക്ഷം യു.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
തലസ്ഥാനമാകെ എൽ.ഡി.എഫ് പരത്തിയ ചുവപ്പുനിറം ഇക്കുറി മായുമോയെന്ന ചോദ്യം ക്ലൈമാക്സിലേക്കടുമ്പോൾ വീണ്ടും കനക്കുകയാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫും കോർപറേഷനിൽ ബി.ജെ.പിയുമായിരുന്നു മുഖ്യപ്രതിപക്ഷം. ഇരുകൂട്ടരും ഇക്കുറി അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പുത്തൻ തന്ത്രങ്ങളുമായി രംഗത്തുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുന്നിടത്താകും എൽ.ഡി.എഫിന്റെ നിലനിൽപ്പ്.
2015ൽ ജില്ലാപഞ്ചയത്തിലെ 26ൽ 19ഡിവിഷനുകൾ നേടിയാണ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷമില്ലാതെ നൂൽപ്പാലത്തിലൂടെയാണ് കോർപറേഷനിലെ ഭരണം വി.കെ. പ്രശാന്തും അവസാനഘട്ടത്തിൽ കെ. ശ്രീകുമാറും കൊണ്ടുപോയത്. 100 വാർഡിൽ 44 സീറ്റുമാത്രമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്.
മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയുൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ നേടിയ തുറുപ്പ് ചീട്ടാണ് ജില്ലാഭരണം നിലനിറുത്താൻ ഇടതുപക്ഷം ഇറക്കിരിക്കുന്നത്. നാല് മുനിസിപ്പാലിറ്റികളുടെ ഭരണവും എൽ.ഡി.എഫിനാണ്.
ജില്ലാപഞ്ചായത്തിലെ കക്ഷി നില (26)
എൽ.ഡി.എഫ്- 19
യു.ഡി.എഫ്- 6
ബി.ജെ.പി- 1
കോർപറേഷനിലെ കക്ഷിനില (ആകെ 100)
എൽ.ഡി.എഫ്- 44
ബി.ജെ.പി- 34
യു.ഡി.എഫ്- 21
സ്വതന്ത്രൻ- 1
പഞ്ചായത്തുകൾ- 73
എൽ.ഡി.എഫ്- 49
യു.ഡി.എഫ്- 21
ബി.ജെ.പി- 3
ബ്ലോക്ക് പഞ്ചായത്ത്- 11
എൽ.ഡി.എഫ് -10
യു.ഡി.എഫ്-- 1