കാസർകോട് : സീറ്റ് വിഭജനത്തെ ചൊല്ലി യു .ഡി .എഫ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞു കാസർകോട്ട് ഒറ്റക്ക് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരത്തിൽ നിന്ന് പിന്മാറിയേക്കും. കാസർകോട് ജില്ലയിൽ എത്തിയ ഉമ്മൻചാണ്ടി ഇടപെട്ടതിന് പിന്നാലെയാണ് ജോസഫ് വിഭാഗം യു .ഡി .എഫുമായി സഹകരിക്കാൻ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാസർകോട്ടെത്തിയ ഉമ്മൻചാണ്ടി പി .ജെ. ജോസഫുമായി സംസാരിച്ചാണ് മഞ്ഞുരുക്കിയത്. പി .ജെ. ജോസഫിന്റെ അറിവോടെയാണ് പാർട്ടി കാസർകോട്ട് യു.ഡി.എഫ് മുന്നണി വിട്ടത്.
പരസ്പര ധാരണയോടെ മുന്നണി പ്രവർത്തിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് യു. ഡി. എഫ് -ജോസഫ് വിഭാഗം രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണൻ, യു .ഡി. എഫ് ജില്ലാ ചെയർമാൻ എ. ഗോവിന്ദൻ നായർ എന്നിവരാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി ചർച്ച നടത്തുന്നത്. ജില്ലാ പ്രസിഡന്റ് ജോസഫ് സംസ്ഥാന ഭാരവാഹികളായ അബ്രാഹാം തോണക്കര, ജെയിംസ് മാരൂർ, സിജി കട്ടക്കയം, ബേബി പന്തല്ലൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ചിറ്റാരിക്കാലിൽ മരവിപ്പിക്കും
ചിറ്റാരിക്കൽ ജില്ലാപഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥിയെ മരവിപ്പിക്കാനും പ്രചരണം ഏറെ മുന്നോട്ടു പോയതിനാൽ മറ്റു വാർഡുകളിൽ സൗഹൃദമത്സരം നടത്താനുമാണ് ആലോചന. ചിറ്റാരിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ, ഈസ്റ്റ് എളേരി, ബളാൽ, കുറ്റിക്കോൽ ഗ്രാമപഞ്ചായത്തുകളിൽ രണ്ടുവീതം വാർഡുകൾ, പനത്തടി ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് എന്നിവിടങ്ങളിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. നിലവിൽ കമ്പല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 6 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ജോസഫ് വിഭാഗത്തിന് മെമ്പർമാർ ഉണ്ടായിരുന്നു. ഈ വാർഡുകൾ നിഷേധിച്ചതിനെ തുടർന്നാണ് ജോസഫ് വിഭാഗം ഒറ്റക്കു മത്സരിക്കാൻ തീരുമാനിച്ചത്. മത്സരരംഗത്ത് ഉറച്ചുനിന്നാൽ മലയോര മേഖലകളിൽ യു ഡി എഫിന് ക്ഷീണം സംഭവിക്കും.