തിരുത്തിയത്, നേരിട്ട് വിജ്ഞാപനം ഇറക്കാനുള്ള തീരുമാനം
തിരുവനന്തപുരം: വാളയാറിൽ നിന്ന് കേരളത്തിന്റെ നെഞ്ചിലെ അണയാത്ത നോവായി പടർന്ന കുരുന്നു സഹോദരിമാരുടെ ദുരൂഹമരണത്തിൽ, പ്രതികൾക്ക് പഴുതാകുമായിരുന്ന തീരുമാനത്തിലെ അബദ്ധം തിരുത്തി സംസ്ഥാന സർക്കാർ. കോടതിയെ സമീപിക്കാതെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ നേരിട്ട് വിജ്ഞാപനമിറക്കുന്നതിലെ നിയമപ്രശ്നം പ്രതികൾ കോടതിയിൽ ഉന്നയിക്കുമെന്നു ബോദ്ധ്യപ്പെട്ടതോടെ ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് പുതിയ തീരുമാനം. മരണമടഞ്ഞ സഹോദരിമാരിൽ മൂത്ത കുട്ടിയുടെ നാലാം ഓർമ്മദിനത്തിലെ വീണ്ടുവിചാരം ഉറപ്പാക്കുന്നത് നീതിയുടെ വീണ്ടെടുപ്പ്.
പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡിപ്പിക്കപ്പെടുകയും ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് തിങ്കളാഴ്ചയാണ്. എന്നാൽ ഇത് ചട്ടപ്രകാരമല്ലെന്നും, കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടാൻ കോടതിയിൽ ഹർജി നൽകുകയാണ് വേണ്ടതെന്നും 'കേരളകൗമുദി' ചൊവ്വാഴ്ച തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടർന്ന് സി.ബി.ഐക്ക് തുടരന്വേഷണം കൈമാറിയുള്ള ആഭ്യന്തരവകുപ്പിന്റെ കരടു വിജ്ഞാപനം പരിശോധിച്ച നിയമവകുപ്പ്, നടപടി ചട്ടപ്രകാരമല്ലെന്ന് അറിയിച്ചതോടെ കോടതി വഴി തന്നെ നീങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. വാളയാർകേസിലെ വിചാരണയാണ് ഹൈക്കോടതി റദ്ദാക്കിയത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം നിലനിൽക്കുന്നു. പ്രോസിക്യൂട്ടർ തുടരന്വേഷണത്തിന് അപേക്ഷിച്ചാലും വിചാരണക്കോടതിയായ പാലക്കാട് സെഷൻസ് കോടതിക്ക് പൊലീസിന്റെ തുടരന്വേഷണത്തിനേ ഉത്തരവിടാനാവൂ. സി.ബി.ഐ വേണമെന്ന ഹർജി ഹൈക്കോടതിക്ക് റഫർ ചെയ്യണം.
ചട്ടവിരുദ്ധമായി സർക്കാർ വിജ്ഞാപനമിറക്കിയാൽ കേന്ദ്രപഴ്സണൽ മന്ത്രാലയവും സി.ബി.ഐയും സ്വീകരിക്കണമെന്നില്ല. ഹൈക്കോടതിയിലും ചോദ്യം ചെയ്യപ്പെട്ടേക്കാം. നേരത്തേ, പാലക്കാട്ടെ വെടിവയ്പു കേസിൽ സി.ബി.ഐ അന്വേഷണത്തിന് സെഷൻസ് കോടതി ഉത്തരവിട്ടത് അധികാര പരിധി മറികടന്നാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതികൾക്കും സുപ്രീം കോടതിക്കും മാത്രമാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരം.
വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി തുടരന്വേഷണം ആവശ്യപ്പെടുന്നതാണ് നിയമപരമായ നടപടിക്രമമെന്ന് സി.ബി.ഐ അഭിഭാഷകൻ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതും സർക്കാർ കണക്കിലെടുത്തു.
സർക്കാരും കോടതിയും
സി. ബി. ഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കിയ നിരവധി കേസുകൾ സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. വിജ്ഞാപനം അനുസരിക്കാൻ സി.ബി.ഐക്ക് നിയമപരമായ ബാദ്ധ്യതയില്ല.
പൊലീസിന്റെ തുടരന്വേഷണത്തിൽ കാര്യമില്ലെന്ന് സർക്കാർ ബോധിപ്പിച്ചാൽ ക്രിമിനൽ നടപടിച്ചട്ടം 173 (8) പ്രകാരം തുടരന്വേഷണത്തിന് ഹൈക്കോടതിക്ക് ഉത്തരവിടാം. സി.ബി.ഐക്ക് ഏറ്റെടുത്തേ പറ്റൂ.
വാളയാർ കേസിൽ അന്വേഷണം പിഴച്ചെന്നും വിചാരണ പ്രഹസനമാക്കിയെന്നും പ്രതികളെ വെറുതേ വിട്ടത് തെളിവില്ലാഞ്ഞിട്ടല്ല, വിചാരണ നടത്തിയവരുടെ കൃത്യവിലോപം മൂലമാണെന്നും വിമർശിച്ച ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തെ എതിർക്കാനിടയില്ല.
തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
സി.ബി.ഐ അന്വേഷണത്തിന് സർക്കാരോ രക്ഷിതാക്കളോ ഹൈക്കോടതിയിൽ ഹർജി നൽകണം.
-ജസ്റ്റിസ് ബി. കെമാൽപാഷ