കൊല്ലം : കെ.ബി. ഗണേഷ്കുമാർ എം.എൽ.എ പങ്കെടുത്ത കോക്കാട് ക്ഷീര ഉത്പാദക സംഘത്തിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെ കേരള കോൺഗ്രസ്(ബി), യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം. സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതിയുണ്ട്. എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. എം.എൽ.എയുടെ പി എ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതി..
പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് എം.എൽ.എയുടെ വിശദീകരണം. തുടർന്ന് സംഘർഷത്തിൽ പി.എ.പ്രദീപ് കോട്ടാത്തലയ്ക്കെതിരെ കേസെടുത്തില്ലെന്നാരോപിച്ചു കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും കുന്നിക്കോട് പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രദീപിനെതിരെ ഒടുവിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.