കേരളത്തിൽ അടുത്തിടെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് ആശങ്കകൾക്കിടയാക്കിയിരുന്നു. ആയിരക്കണക്കിന് പക്ഷികളെ കൊല്ലേണ്ടി വന്നു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും കാട്ടുതീ പോലെ പക്ഷിപ്പനി പടർന്നു കൊണ്ടിരിക്കുകയാണ്. ഏഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ പക്ഷിപ്പനി വ്യാപനമാണ് ഇത്തവണ. ജപ്പാൻ മുതൽ ഇന്ത്യ വരെയുള്ള പക്ഷി ഫാമുകളെ വൈറസ് പിടിമുറുക്കുകയാണ്. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കോഴികളിലും താറാവുകളിലും ടർക്കികളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു. വൈറസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞവയെ കൊല്ലാതെ മറ്റ് മാർഗങ്ങളില്ല. ആയിരക്കണക്കിന് കർഷകർ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഈ സമയത്ത് ഏഷ്യയിൽ സാധാരണയായി പക്ഷിപ്പനി കണ്ടുവരുന്നതാണ്. എന്നാൽ, വൈറസിലുണ്ടാകുന്ന ജനിതകമാറ്റത്തെയാണ് ഗവേഷകർ ആശങ്കയോടെ നോക്കിക്കാണുന്നത്. വൈറസിന്റെ തീവ്രത വർദ്ധിക്കാൻ ജനിതകമാറ്റം കാരണമാകും. ഇന്ത്യയിൽ പത്തോളം സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ജപ്പാനിലും പക്ഷിപ്പനി വ്യാപിക്കുകയാണ്. കാൽ ഭാഗം പ്രവിശ്യകളിലും വൈറസ് റിപ്പോർട്ട് ചെയ്തു. 3 ദശലക്ഷം പക്ഷികളെ ഇതുവരെ കൊന്നു.ദക്ഷിണ കൊറിയയിലെ താറാവ് ഫാമിൽ നിന്നാണ് പക്ഷിപ്പനിയുടെ തുടക്കം. ജപ്പാനിലെ വൈറസിന്റെ ജനിതക ഘടനയുമായി സാമ്യമുള്ള വൈറസാണ് ദക്ഷിണ കൊറിയയിൽ കണ്ടെത്തിയത്.
വളർത്തു പക്ഷികൾക്ക് ചൈനയിൽ നിർബന്ധിത ഫ്ലൂ വാക്സിനേഷൻ പക്ഷിപ്പനിയിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ടെങ്കിലും ഏതാനും കാട്ടുപക്ഷികളെ വൈറസ് ബാധയേറ്റ് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം, വിയറ്റ്നാം, ലാവോസ്, കംബോഡിയ പോലെയുള്ള രാജ്യങ്ങളിൽ വൈറസ് ബാധയില്ലെങ്കിലും കോഴിയുടെയും മറ്റും കയറ്റുമതിയ്ക്കും ഇറക്കുമതിയ്ക്കും ഭീഷണിയുണ്ട്.
പക്ഷിപ്പനി നിലവിൽ മനുഷ്യർക്ക് ഭീഷണിയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ കൊവിഡിന് സംഭവിച്ചത് പോലെ ഒരു 'സ്പീഷീസ് ജംപ് ' പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് സംഭവിക്കുമോ എന്ന ആശങ്ക ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർക്കിടെയിലുണ്ട്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരുമോ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1997ൽ ഒരിക്കൽ സമാന സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഇതുവരെ പടർന്നിട്ടില്ല. എന്നാൽ, അത്തരമൊരു സാദ്ധ്യത പൂർണ്ണമായും അവഗണിക്കാനാകില്ലെന്ന് കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഗവേഷകർ പറയുന്നു.