തിരുവനന്തപുരം : നെയ്യാറ്റിൻകര നെടിയാംകോട് പോക്സോ കേസിൽ ഇരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഒരു വർഷം മുമ്പ് 22 കാരനായ അയൽവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. ഗർഭിണിയായി മൂന്നുമാസത്തിന് ശേഷം ശാരീരിക അവശതകൾ ആരംഭിച്ചതോടെയാണ് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്. പെൺകുട്ടി ഗർഭിണിയായതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ യുവാവ് ഒളിവിൽ പോകുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും യുവാവിനെ പിടികൂടാൻ കഴിഞ്ഞില്ല. നവംബർ അവസാനം പത്ത് മാസം പൂർത്തിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ് ചാർജായി വീട്ടിലെത്തിയ പെൺകുട്ടി രണ്ട് ദിവസം മുമ്പ് പാല് കൊടുക്കുന്നതിനിടെ കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർ വെളിപ്പെടുത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി ഇന്നലെ രാത്രി മരിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, പീഡനം റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും കേസിലെ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിക്കാതിരുന്നത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയകേസിൽ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നിർണായകതെളിവുകൾ സ്വീകരിക്കണമെന്നിരിക്കെ പ്രതിയുടെ അറസ്റ്റും കുറ്റപത്ര സമർപ്പണവും വൈകുന്നത് തെളിവുകൾ നഷ്ടമാകാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും ആക്ഷേപമുണ്ട്.