ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2021-22 സമ്പദ്വർഷത്തേക്കുള്ള ബഡ്ജറ്റിൽ ഇറക്കുമതി തീരുവ 5 മുതൽ 10 ശതമാനം വരെ ഉയർത്തിയേക്കുമെന്ന സൂചന. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവയ്ക്കാണ് നികുതി കൂടിയേക്കുക. ഇതോടെ, ഇവയുടെ വിലയും വർദ്ധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ", 'ആത്മനിർഭർ ഭാരത്" എന്നീ ആശയങ്ങൾക്ക് പിന്തുണ നൽകുകയാകും ഇതിലൂടെ ധനമന്ത്രി ലക്ഷ്യമിടുക. ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇറക്കുമതി തീരുവ ഉയർത്തുന്നതിലൂടെ 20,000-21,000 കോടി രൂപവരെ അധിക വരുമാനവും കേന്ദ്രം ഉന്നമിടുന്നുവെന്നാണ് അറിയുന്നത്.
അതേസമയം, ഇതു സംബന്ധിച്ച് ധനമന്ത്രിയോ മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിലും കേന്ദ്രം ഫർണീച്ചർ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയുടെ നികുതി 20 ശതമാനം വരെ ഉയർത്തിയിരുന്നു.
എതിർശബ്ദവും ശക്തം
തുടർച്ചയായി ഇറക്കുമതി തീരുവ ഉയർത്തുന്നത് വിദേശ കമ്പനികളോടുള്ള വിവേചനമാണെന്ന വാദം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇറക്കുമതി തീരുവ ഉയർത്തേണ്ടത് ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ്ബായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സർക്കാരിന്റെ അഭിപ്രായം. ആഭ്യന്തര കമ്പനികളുടെ വളർച്ചയ്ക്കും ഇത് അത്യാവശ്യമാണഎന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ടെസ്ലയുടെ ടെൻഷൻ!
ഇന്ത്യയിലെ നികുതിഘടന സംബന്ധിച്ച ആശങ്ക അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല വ്യക്തമാക്കിയിരുന്നു. ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കൂട്ടുന്നത് കൂടുതൽ തിരിച്ചടിയാകുമെന്നും കമ്പനിക്ക് ആശങ്കയുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് കടക്കാനുള്ള നടപടികൾ ടെസ്ല തുടങ്ങിയിട്ടുണ്ട്.