കൊവിഡ് ലോകത്തെ പിടിച്ചുകുലുക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. ആദ്യം പിടികൊടുക്കാതെ പൊരുതിയ രാജ്യങ്ങളും ഒടുവിൽ കൊവിഡിന് മുമ്പിൽ തലകുനിച്ചു. എന്നാൽ, ഇതിനിടയിലും ഭൂമിയിലെ ചില കുഞ്ഞൻ രാജ്യങ്ങളുടെ വാതിൽ തകർത്ത് ഇടിച്ചുകയറാൻ കൊവിഡിന് കഴിഞ്ഞില്ല. പസഫിക് സമുദ്രത്തിലെയും മറ്റും ദ്വീപ് പ്രദേശങ്ങളാണ് ഇതിൽ കൂടുതൽ. വൈറസിന്റെ വരവോടെ തങ്ങളുടെ അതിർത്തികൾ അടച്ചും പുറമലോകവുമായുള്ള സഞ്ചാര വിനിമയങ്ങൾ വേർപെടുത്തിയുമാണ് ജനസംഖ്യ കുറഞ്ഞ ഈ ചെറു രാജ്യങ്ങൾ ചെറുത്തുനിന്നത്. ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത, സാധാരണ ജീവിതം നയിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കുക്ക് ഐലൻഡ്
ജനസംഖ്യ - 17,000
കുക്ക് ഐലൻഡ് എന്ന കുഞ്ഞൻ ദ്വീപിൽ ആകെയുള്ളത് 22 ഡോക്ടർമാരും രണ്ട് വെന്റിലേറ്ററുകളുമാണ്. മഹാമാരി വന്നാൽ അത് തങ്ങൾക്ക് താങ്ങാനാകില്ലെന്ന് അറിയാവുന്ന ഇവിടുത്തെ ഭരണകൂടം വൈറസിനെ പടിക്കു പുറത്തുനിറുത്താൻ പ്രത്യേക ജാഗ്രത പുലർത്തി. 15 കുഞ്ഞു ദ്വീപുകൾ ചേർന്നതാണ് കുക്ക് ഐലൻഡ്. കൊവിഡ് മഹമാരിയായ ആദ്യ ഘട്ടത്തിൽ തന്നെ കുക്ക് ഐലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപായ റാറോടോംഗയിലെ സ്കൂളുകളെല്ലാം അടച്ചു. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ദങ്ങൾ നടപ്പാക്കി. വൈറസിനെ ചെറുത്തുനിന്നെങ്കിലും പ്രധാന വരുമാന സ്രോതസായ ടൂറിസ്റ്റുകളുടെ വരവ് നിന്നതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
ടുവാലു
ജനസംഖ്യ - 11,500
ഹവായിയ്ക്കും ഓസ്ട്രേലിയയ്ക്കും മദ്ധ്യേ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കോമൺവെൽത്ത് അംഗമാണ് ടുവാലു. ചെറു ദ്വീപുകളെല്ലാം കൂടിച്ചേർന്ന് ഏകദേശം 10 ചതുരശ്ര മൈൽ മാത്രമാണ് ടുവാലുവിന്റെ വിസ്തീർണം. ലോകത്തെ ഏറ്റവും ചെറിയ സ്വതന്ത്ര രാഷ്ട്രങ്ങളിൽ ഒന്നായ ഇവിടം അതിർത്തികളടച്ചും ക്വാറന്റൈൻ നടപ്പാക്കിയുമാണ് കൊവിഡിനെ പ്രതിരോധിച്ചത്.
ടോംഗ
ജനസംഖ്യ - 104,000
പസഫിക് രാജ്യങ്ങളിൽ ജനസംഖ്യ കൂടിയത്. ഏകദേശം 170 ചെറുദ്വീപുകൾ ചേർന്ന ഇവിടെ ആദ്യം തന്നെ ക്രൂസ് ഷിപ്പുകളെ വിലക്കി. ഒരു കേസ് റിപ്പോർട്ട് ചെയ്തില്ലായിരുന്നിട്ടു പോലും രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതിർത്തികളും എയർപോർട്ടുകളും അടച്ചു. ഇപ്പോഴും മിക്ക നിയന്ത്രണങ്ങളും തുടരുന്നുണ്ട്.
പിറ്റ്കെയേൺ ഐലൻഡ്സ്
ജനസംഖ്യ - 50
നാല് ദ്വീപുകളാൽ ചേർന്ന ബ്രിട്ടീഷ് അധീനതയിലുള്ള ഈ പ്രദേശം പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പിറ്റ്കെയേൺ പ്രോപ്പർ ദ്വീപിൽ മാത്രമാണ് ജനവാസമുള്ളത്. അതാകട്ടെ, രണ്ട് മൈൽ നീളത്തിലുള്ള ഭൂപ്രദേശവും. 1789ൽ ഇവിടെയെത്തിയ നാവികരുടെയും തഹീഷ്യൻ അടിമകളുടെയും പിൻഗാമികളാണ് ഇവിടുത്തെ താമസക്കാർ. 2022 മാർച്ച് വരെയെങ്കിലും കൊവിഡ് മുക്തമായ ഇവിടെ യാത്രാ വിലക്കുകൾ തുടരുമെന്നാണ് വിവരം.
പലാവു
ജനസംഖ്യ - 17,900
ഫിലിപ്പീൻസിൽ നിന്ന് 500 മൈൽ കിഴക്ക് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് മുമ്പ് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ, ഇപ്പോൾ സ്വതന്ത്ര രാജ്യമായ ഇവിടുത്തെ പ്രതിരോധത്തിൽ മാത്രമാണ് അമേരിക്കയുടെ നിയന്ത്രണമുള്ളത്. വിമാന സർവീസുകൾ റദ്ദാക്കിയ പലാവുവിൽ നാട്ടിൽ തിരിച്ചെത്തിയവരെയെല്ലാം നിർബന്ധിത ക്വാറന്റൈനിന് വിധേയമാക്കിയാണ് വൈറസിനെ തടഞ്ഞത്.
നിയുവെ
ജനസംഖ്യ - 1,624
ബ്രിട്ടനിലെ ഗ്രേറ്റർ ലണ്ടൻ മേഖലയുടെ ആറിലൊന്ന് മാത്രം വലിപ്പമുള്ള ഈ ദ്വീപ് വംശജരിൽ ഭൂരിഭാഗവും ന്യൂസിലൻഡിലേക്ക് കുടിയേറിയവരാണ്. എന്നാൽ, ഇപ്പോഴും ദ്വീപിൽ തുടരുന്ന ചെറിയ വിഭാഗം ജനങ്ങൾ വൈറസ് പ്രതിരോധത്തിൽ ഇതുവരെ വിജയം തുടരുകയാണ്. ഇതിനിടെ തങ്ങളുടെ പുതിയ ഭരണത്തലവനെ ഇവിടുത്തെ നാട്ടുകാർ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
നൗറു
ജനസംഖ്യ - 12,700
ലോകത്ത് ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യം. പശ്ചിമ- മദ്ധ്യ പസഫിക്കിൽ സ്ഥിതി ചെയ്യുന്ന ഇവിടം യാത്രാ വിലക്കുകളിലൂടെയും മറ്റ് മുൻകരുതലുകളിലൂടെയുമാണ് വൈറസിനെ ചെറുത്തത്.
കിരിബാസ്
ജനസംഖ്യ - 1,16,000
നൗറു ദ്വീപിന് സമീപം സ്ഥിതി ചെയ്യുന്നു. എന്നാൽ. ജനസംഖ്യയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. വിദൂര പ്രദേശമായ ഇവിടേക്കുള്ള ഏതാനും എയർലൈൻ സർവീസുകൾ നിയന്ത്രിച്ചുക്കൊണ്ടായിരുന്നു കൊവിഡിനെ പ്രതിരോധിച്ചത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഇറക്കുമതി നിലച്ചതോടെ ഇവിടുത്തെ ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ സ്വയം ഉത്പാദിപ്പിക്കേണ്ട സാഹചര്യം വന്നു.
ടോക്കലവ്
ജനസംഖ്യ - 1,411
തെക്കൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോക്കലവിൽ ആകെ ഒരൊറ്റ ആശുപത്രിയേ ഉള്ളൂ. ന്യൂസിലൻഡിന്റെ ഭാഗമായ ഇവിടേക്ക് സാധാരണ സമോവയിൽ നിന്ന് 24 മണിക്കൂർ വരെ ദൈർഘ്യമേറിയ ബോട്ട് യാത്രകളിലൂടെയാണെത്തുന്നത്. കഴിഞ്ഞ നവംബറിൽ സമോവയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ടോക്കലവിലേക്കുള്ള ബോട്ട് സർവീസ് നിറുത്തി. കൊവിഡില്ലെങ്കിലും മുമ്പില്ലാത്തവണ്ണം ഒറ്റപ്പെട്ട നിലയിലാണ് ടോക്കലവ്.
സെന്റ് ഹെലെന
ജനസംഖ്യ - 4,534
ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് അധീനതയിലുള്ള ദ്വീപ്. നെപ്പോളിയൻ ബൊണപ്പാർട്ടിനെ നാടുകടത്തിയത് ഇവിടേക്കാണ്. ദ്വീപിലേക്കെത്തുന്നവർക്ക് കർശന കൊവിഡ് നിയമങ്ങളാണ് ഇവിടെയുള്ളത്. വിമാനമാർഗം എത്തുന്നവരെ 14 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറന്റൈൻ ചെയ്യും. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 5,000 പൗണ്ട് വരെ പിഴ ഈടാക്കും.