കൊച്ചി: കെ വി തോമസിനെതിരെ വിമർശനവുമായി മുതിർന്ന സി പി എം നേതാവ് എം എം ലോറൻസ് രംഗത്ത്. കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ വി തോമസിനെ ഇന്നലെ സി പി എം സ്വാഗതം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എം എം ലോറൻസിന്റെ വിമർശനം.
യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടത്. കെ വി തോമസിനല്ല പകരം പ്രാധാന്യം നൽകേണ്ടത് എന്നായിരുന്നു ലോറനസിന്റെ വിമർശനം. തോമസിന്റെ കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ വി തോമസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ വി തോമസിനേക്കാൾ ജയസാദ്ധ്യതയുളള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്കാണ് പ്രാധാന്യം നൽകേണ്ടത്. ഇനിയും മത്സരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ വി തോമസാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു ഡി എഫിനകത്ത് സമ്മർദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ലോറൻസ് വിമർശിച്ചു.
കെ വി തോമസുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. തോമസ് എൽ ഡി എഫിലേക്ക് വന്നാൽ അത് പാർട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ലോറൻസ് പറഞ്ഞു.
യു ഡി എഫ് പാളയം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിന് പിന്നാലെ കോൺഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടുത്താനുളള നീക്കത്തിൽ കൂടിയാണ് കെ വി തോമസ്. ജനുവരി 23ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ വച്ച് ഇക്കാര്യങ്ങൾ തുറന്നുപറയാനാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷവും അവഗണന നേരിട്ടതോടെയാണ് കെ വി തോമസ് തുറന്നുപറച്ചിലുകളിലേക്ക് കടക്കുന്നതെന്നാണ് വിവരം.