ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിലുളള മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ തോക്ക് ചൂണ്ടി 25 കിലോ സ്വർണം തട്ടിയെടുത്ത കൊളളസംഘത്തെ പൊലീസ് പിടികൂടിയത് സ്വർണം സൂക്ഷിച്ച ബാഗിലെ ജി.പി.എസ് സിഗ്നൽ പിന്തുടർന്ന്. സ്വർണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊളളക്കാർ കൊളളമുതൽ ശേഖരിച്ചത്. ഇതിന്റെ സിഗ്നൽ കർണാടകയിലെ അനയിക്കൽ എന്ന സ്ഥലത്താണെന്ന് മനസിലാക്കിയ പ്രത്യേക അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്ന് കളളന്മാരുടെ വാഹനം ഹൈദരാബാദിലേക്ക് നീങ്ങുന്നതായി അന്വേഷണ സംഘത്തിന് സിഗ്നൽ ലഭിച്ചു. ഇതോടെ തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദിന് പുറത്ത് സംസാദ്പൂരിൽ വാഹനം തടഞ്ഞ് നിർത്തി അന്വേഷണ സംഘം കളളന്മാരെ അറസ്റ്റ് ചെയ്തു.
സംഭവം നടന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി പൊലീസ് മേധാവി കൊളളസംഘത്തെ പിടിക്കാൻ പ്രത്യേക ടീമിനെത്തന്നെ നിയമിച്ചു. സ്വർണം കൊണ്ടുപോയത് ജിപിഎസ് സംവിധാനമുളള പ്രത്യേക പെട്ടിയിലെന്ന് ഇവർ കണ്ടെത്തി. സഹായത്തിന് അടുത്തുളള കർണാടക പൊലീസും ചേർന്നു. കൊളളക്കാരായ ആറുപേരുടെയും സിഗ്നലുകൾ മാറുന്നത് കണ്ടെത്തിയതോടെ ഇവർ യാത്രചെയ്യുകയാണെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് തെലങ്കാന പൊലീസിന്റെകൂടി സഹായത്തോടെ മോഷ്ടാക്കളെ പിടിക്കുകയായിരുന്നു.
ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണം പൂർണമായും കണ്ടെത്തി. ഇതിനൊപ്പം തോക്ക് ഉൾപ്പടെ നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്നും തോക്ക് ചൂണ്ടി ആറംഗ കൊളളസംഘം 25 കിലോ സ്വർണം തട്ടിയെടുത്തത്. പ്രതികളെ തെലങ്കാന പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വൈകാതെ ഹൊസൂരെത്തിച്ച് തെളിവെടുക്കും.