തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഇടതുമുന്നണിയോഗത്തിൽ സീറ്റ് വിഭജനം ചർച്ച ചെയ്യണമെന്ന് ആവശ്യവുമായി എൻ.സി.പി സംസ്ഥാനാദ്ധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ. പക്ഷെ എൻ.സി.പിയുടെ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സീറ്റ് വിഭജനം പിന്നീട് ചർച്ച ചെയ്യാം എന്നറിയിച്ചു. ഇതേത്തുടർന്ന് മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത് ഇടതുമുന്നണി യോഗം പിരിഞ്ഞു.സീറ്റ് വിഭജനം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യില്ലെന്ന് നേരത്തെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചിരുന്നു. ഇന്നത്തെ മുന്നണിയോഗത്തിൽ പാലാ എം.എൽ.എ മാണി.സി കാപ്പൻ പങ്കെടുത്തില്ല.പാർട്ടി അദ്ധ്യക്ഷൻ ശരത് പവാറുമായുളള ചർച്ചകഴിഞ്ഞേ മുന്നണിയോഗത്തിൽ പങ്കെടുക്കൂവെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ രണ്ടുപേർ മാത്രം മുന്നണിയോഗത്തിൽ പങ്കെടുത്താൽമതി എന്ന നിർദ്ദേശമുളളതുകൊണ്ടാണ് കാപ്പൻ പങ്കെടുക്കാത്തതെന്ന് പീതാംബരൻ മാസ്റ്റർ അറിയിച്ചു.
എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ജാഥകളെ കുറിച്ചും പ്രകടനപത്രികയെ സംബന്ധിച്ചുമുളള ചർച്ചകളാണ് പ്രധാനമായും നടന്നത്. ഇതിനിടെയാണ് പാലാ സീറ്റിലെ അവ്യക്തത നീക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടത്. ഇത് മുഖ്യമന്ത്രി തളളുകയായിരുന്നു.
പാലാ സീറ്റിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്നാണ് ടി.പി പീതാംബരൻ ഇടത്മുന്നണി യോഗത്തിൽ പങ്കെടുക്കും മുൻപ് രാവിലെ അറിയിച്ചത്. പാർട്ടി അദ്ധ്യക്ഷനുമായി ഫെബ്രുവരി ഒന്നിന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. പാലാ സീറ്റ് തർക്കവിഷയമാണോയെന്ന് പറയാനാകില്ലെന്നും സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടില്ല. ഈ വിഷയത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ല. പാലാ സീറ്റിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ വേർതിരിവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇടത് മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ കടന്നുവരുന്നത് മുന്നണി വിപുലപ്പെടാൻ നല്ലതാണെന്നും പീതാംബരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. സീറ്റ് വിഷയം മുന്നണിയിൽ ചർച്ചയായാൽ സിപിഐയുടെ നിലപാട് നിർണായകയേക്കുമെന്നാണ് സൂചന. അതേസമയം പാലാ സീറ്റ് ജോസ്.കെ മാണിയ്ക്ക് നൽകിയാൽ നിലവിൽ അവിടെ വിജയിച്ച എൻ.സി.പിയ്ക്ക് ഇനി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുളളത്.