തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില പരിശോധനയ്ക്കാണ് ഇരുവരെയും തിരുപ്പതി എസ്.വി.ആർ.ആർ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഡോ. പുരുഷോത്തം നായിഡുവിന്റെ മനോനില നിലവിൽ സാധാരണ പോലെയാണ്. എന്നാൽ ഭാര്യ പദ്മജ താൻ ശിവനാണെന്നും കൊവിഡ് രോഗത്തിന് കാരണമാകുന്ന വൈറസിന് ജന്മമേകിയത് താനാണെന്നും അഭിപ്രായപ്പെട്ടു. ഇവരിൽ നിന്ന് കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ ശേഖരിക്കാൻ പൊലീസും ആശുപത്രി അധികൃതരും ഏറെ പണിപ്പെട്ടു. 'എന്റെ തൊണ്ടയിൽ വിഷമുണ്ട്. അതുകൊണ്ട് എനിക്ക് കൊവിഡ് പരിശോധിക്കേണ്ട ആവശ്യമില്ല.' ആരോഗ്യപ്രവർത്തകരോട് പദ്മജ പറഞ്ഞു.
മക്കൾ പുനർജനിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് ഇരുവരും മക്കളായ ഭോപാലിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി അലേഖ്യ(27), സംഗീത ബിരുദ വിദ്യാർത്ഥിനി സായി വിദ്യ(23) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവമെങ്കിലും പുറംലോകമറിഞ്ഞപ്പോൾ തിങ്കളാഴ്ചയായി. പെൺകുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റാൻ പൊലീസിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു.
ഇളയമകൾ സായി വിദ്യയെ കൊന്നത് മൂത്തമകളായ ആലേഖ്യയാണെന്നും അവൾ ആവശ്യപ്പെട്ടിട്ടാണ് താൻ ആലേഖ്യയെ കൊന്നതെന്നും പദ്മജ അറിയിച്ചിരുന്നു. എന്നാൽ മനോനില തെറ്റിയ ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല.
രസതന്ത്രത്തിൽ ഡോക്ടറേറ്റുളള പുരുഷോത്തം നായിഡു സ്ഥലത്തെ സർക്കാർ കോളേജിൽ വൈസ് പ്രിൻസിപ്പലാണ്. ഐ.ഐ.ടി എൻട്രൻസ് പരിശീലന സ്ഥാപനത്തിലെ അദ്ധ്യാപികയാണ് പദ്മജ. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ഇവർ അന്ധവിശ്വാസത്തിന് അടിമപ്പെട്ട് ക്രൂരകൃത്യം നടത്തിയതിന്റെ ഞെട്ടലിലാണ് പൊലീസും ഇവിടുത്തെ നാട്ടുകാരും.
മക്കളെ കൊലപ്പെടുത്താൻ ഇവർക്ക് ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോയെന്ന് ഇവരുടെ കമ്പ്യൂട്ടറിലെയും സിസിടിവിയിലെയും ദൃശ്യങ്ങൾ വഴി പൊലീസ് അന്വേഷിക്കുകയാണ്.