ഇരിക്കൂർ: എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയിൽ ഐ.എൻ.എൽ നേതാവിന്റെ അബദ്ധം നിറഞ്ഞ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വാർത്തയായി. ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ പ്രസംഗത്തിൽ പറഞ്ഞ പല വസ്തുതകളിലും കണക്കുകളിലും വൈരുദ്ധ്യമുണ്ട്.
ഇറ്റലിയിൽ നിന്നുളള ഒരു മാദ്ധ്യമ പ്രവർത്തകയോട് സോണിയാ ഗാന്ധിയെ അറിയാമോ എന്ന് ചോദിച്ചപ്പോൾ കേട്ടിട്ടുണ്ടെന്ന് മറുപടി നൽകി. എന്നാൽ അവരുടെ മക്കളെ കുറിച്ച് ചോദിച്ചപ്പോൾ കേട്ടിട്ടുപോലുമില്ലെന്ന് ഉത്തരം കിട്ടി. കൊവിഡ് സമയമായിട്ടും മാദ്ധ്യമപ്രവർത്തക കേരളത്തിലേക്ക് വന്നത് പിണറായി വിജയനെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ഇറ്റലിയിൽ അടുക്കളയിൽ പോലും കേരളത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ലോക കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മികച്ചത് പിണറായിയാണെന്ന് ഇറ്റലിയിലെ പ്രസിദ്ധീകരണങ്ങളിൽ വരെ നിറയുന്നതായും കാസീം ഇരിക്കൂർ യോഗത്തിൽ പ്രസംഗിച്ചു
പിന്നീട് നിപ്പയെ കുറിച്ച് പറയവെ കാസീം ഇരിക്കൂർ പറഞ്ഞത് രോഗം ബാധിച്ച് ഉത്തരാഫ്രിക്കയിൽ ഒരുമാസത്തിൽ 12,000 പേർ മരിച്ചു എന്നാൽ കേരളത്തിൽ വെറും 36 പേർ മാത്രമേ മരിച്ചുളളു എന്നാണ്. കേരളത്തിൽ നിപ്പ ബാധിച്ച് 17പേരാണ് മരിച്ചത്. മാത്രമല്ല ഉത്തരാഫ്രിക്കയിൽ ഇങ്ങനെ രോഗം പൊട്ടിപ്പുറപ്പെട്ടെന്നതിന് യാതൊരു അറിവുമില്ല. എന്തായാലും ഐഎൻഎൽ നേതാവിന് പറ്റിയ അബദ്ധം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.