കോഴിക്കോട്: കൊവിഡ് വ്യാപനം വരുത്തിവച്ച പ്രതിസന്ധി ഐ.ഐ.എം കോഴിക്കോടിന്റെ കാമ്പസ് റിക്രൂട്ട്മെന്റിനെ അശേഷം ബാധിച്ചില്ല. ഇത്തവണ മുഴുവൻ വിദ്യാർത്ഥികളെയും വമ്പൻ സ്ഥാപനങ്ങൾ സ്വന്തമാക്കി. 459 വിദ്യാർത്ഥികളാണ് കാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുത്തത്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയുമായി 137 സ്ഥാപനങ്ങൾ ഇവരെ റാഞ്ചുകയായിരുന്നു. ഇതിൽ 51 സ്ഥാപനങ്ങൾ പുതുതായി എത്തിയവയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശമ്പളനിരക്കിൽ ആറ് ശതമാനം വരെ ഉയർച്ചയുണ്ട്.
മുന്നിലെത്തിയവരിൽ 50 ശതമാനം പേരുടെ ശരാശരി വാർഷിക ശമ്പളം 28. 90 ലക്ഷം രൂപയാണ്. മൈക്രോസോഫ്റ്റ്, ആക്സഞ്ചർ സ്ട്രാറ്റജി, ആമസോൺ, അമേരിക്കൻ എക്സ്പ്രസ്, ഏഷ്യൻ പെയ്ന്റ്സ്, ബെയ്ൻ ആൻഡ് കമ്പനി, ബജാജ് ഓട്ടോ,ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, കാപ്ജെമിനി, കോഗ്നിസെന്റ് ബിസിനസ് കൺസൾട്ടിംഗ്, സിറ്റി ബാങ്ക്, ഡിലോയ്, ഡച്ച് ബാങ്ക്, എവറസ്റ്റ് ഇൻഡസ്ട്രീസ്, ഫ്ളിപ്കാർട്ട്, ഗോൾഡ് മാൻ, എച്ച്.എസ്.ബി.സി, ജെ.പി മോർഗൻ, നോമുറ, പിഡിലൈറ്റ്, പി.ഡബ്ളിയു.സി, റിലയൻസ്, ആർ.പി.ജി, സാംസംഗ്, ടാസ്, ടാറ്റാ സ്കൈ എന്നിവ റിക്രൂട്ട്മെന്റിന് എത്തിയവയിൽ ഉൾപ്പെടും.