SignIn
Kerala Kaumudi Online
Monday, 18 May 2026 10.32 PM IST

ആലപ്പുഴയിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; എട്ട് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ, വടിവാളുകൾ കണ്ടെടുത്തു

nandu

ആലപ്പുഴ: വയലാറിലെ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ. പാണവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സൂനീർ എന്നിവരുൾപ്പടെ എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായ ആറ് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന.കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 25ലേറെപ്പേർ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വടിവാളുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആർ എസ് എസ് പ്രവർത്തകനായ നന്ദു കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

നാഗംകുളങ്ങര കവലയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ ഒരു പരിപാടി നടന്നിരുന്നു. പരിപാടിയ്ക്കിടെയുണ്ടായ പ്രസംഗത്തെ ചൊല്ലി ആർ എസ് എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യയ്ക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർക്കും മൂന്ന് ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. വയലാറിൽ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് നന്ദുവിന്റെ വീട് സന്ദര്‍ശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SDPI, RSS, MURDER CASE, ALAPPUZHA, POLICE, HARTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY