ചെന്നൈ: മുതിർന്ന സി.പി.ഐ നേതാവും മുൻ എം.പിയുമായ ഡി. പാണ്ഡ്യൻ (88) അന്തരിച്ചു. വൃക്കരോഗിയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
കാരൈക്കുടിയിലെ അളകപ്പ കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം റെയിൽവെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്.
ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ റയിൽവെ ലേബർ യൂണിയൻ പ്രസിഡന്റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, തമിഴ്നാട് ആർട്ട് ആൻഡ് ലിറ്റററി ഫെഡറേഷൻ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സി.പി.ഐ സി.പി.എം ലയിക്കണമെന്ന് ആഗ്രഹിക്കുകയും, നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത നേതാവായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം ശ്രീപെരുമ്പുത്തൂരിലെ യോഗത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത് പാണ്ഡ്യനായിരുന്നു. സ്ഫോടന സമയത്ത് രാജീവ് ഗാന്ധിയുടെ തൊട്ടടുത്തുണ്ടായിരുന്ന അദ്ദേഹം പത്തടി ദൂരത്തേക്ക് തെറിച്ച് വീണു. വലത് വശത്തുണ്ടായിരുന്ന രാജീവിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്ഫോടനത്തിൽ ചിന്നിചിതറിയപ്പോൾ, പാണ്ഡ്യൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ ലോക്സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. അന്ന് ശരീരത്തിൽ തുളച്ചുകയറിയ ലോഹകഷ്ണങ്ങൾ അവസാനംവരെ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.
രാജ്വീ വധക്കേസിലെ പ്രതികളുടെ മോചനത്തിനായി ശബ്ദമുയർത്തിയ ആദ്യ ഇരയും അദ്ദേഹമാണ്. ചിലരെ 28 വർഷത്തിലധികം തടവിലിടുന്നത് പുരോഗമന സമൂഹത്തിന് ന്യായീകരിക്കാനാവാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
പരേതയായ ജോയ്സാണ് ഭാര്യ. രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. ചെന്നൈയിലെ വസതിയിലും സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ ശീലംപട്ടിക്കടുത്ത ശീലവെള്ളമാട്ടിയിൽ കൊണ്ടുപോകുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.