ന്യൂഡൽഹി: രാജ്യത്ത് 60 വയസ് കഴിഞ്ഞവർക്കും 45നും 59നും ഇടയിലെ പ്രായക്കാരിൽ നിശ്ചിത അസുഖങ്ങളുള്ളവർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ് നാളെ ആരംഭിക്കാനിരിക്കെ, രണ്ടു ഡോസിനുമായി സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന തുക 500 രൂപയായി കേന്ദ്രസർക്കാർ നിശ്ചയിച്ചു. ഒരു ഡോസ് കുത്തിവയ്പ്പിന് സർവീസ് ചാർജ് ഉൾപ്പെടെ പരമാവധി 250 രൂപയേ ഈടാക്കാവൂ. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്.
കുത്തിവയ്പ്പിന് അനുമതിയുള്ള ആയുഷ്മാൻ ഭാരത് പി.എം.ജെ.വൈ പദ്ധതിയിൽ എംപാനൽ ചെയ്ത 10,000 സ്വകാര്യ ആശുപത്രികളുടെയും സി.ജി.എച്ച്.എസിന് കീഴിലുള്ള 600 ആശുപത്രികളുടെയും പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് കീഴിലെ എംപാനൽഡ് സ്വകാര്യ ആശുപത്രികളിലും കുത്തിവയ്പ്പിന് സംസ്ഥാനങ്ങൾക്ക് അനുമതി നൽകാം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങി 10,000 സർക്കാർ ആശുപത്രികളിലും വാക്സിനേഷൻ നൽകും. കൊവി ഷീൽഡ്, കൊവാക്സിൻ എന്നിവയാണ് കുത്തിവയ്ക്കുന്നത്.
ആപ്പിൽ രജിസ്റ്റർ ചെയ്യണം
27 കോടി പേർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. പ്രായം തെളിയിക്കാനുള്ള രേഖ കാണിക്കണം. രാജ്യത്ത് ഇതുവരെ ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും ഉൾപ്പെടെ 1.5 കോടി പേർക്ക് വാക്സിൻ കുത്തിവച്ചതായി കേന്ദ്രം അറിയിച്ചു.