ന്യൂഡൽഹി: മൂക്കുകയറില്ലാതെ കുതിക്കുന്ന ഇന്ധന വിലവർദ്ധനവിൽ രാജ്യവ്യാപക പ്രതിഷേധം പടരവേ, എക്സൈസ് നികുതി കുറച്ച് എതിർപ്പിന്റെ തീവ്രത കുറയ്ക്കാൻ തിരക്കിട്ട നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ രാഷ്ട്രീയനേട്ടം കൂടി ലക്ഷ്യമിട്ടാണ് ആലോചന. സംസ്ഥാന സർക്കാരുകൾ, പെട്രോളിയം മന്ത്രാലയം, പൊതുമേഖലാ എണ്ണക്കമ്പനികൾ എന്നിവരുമായി ധനമന്ത്രാലയം അധികൃതർ ഇക്കാര്യം ചർച്ച ചെയ്തുവരികയാണ്.
ഖജനാവിന് കടുത്ത ആഘാതമുണ്ടാക്കാത്ത വിധത്തിൽ ഏതു രീതിയിൽ നികുതി കുറവ് നടപ്പാക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ ആലോചന. ബാദ്ധ്യതയുടെ ഒരു പങ്ക് എണ്ണ വിതരണ കമ്പനികൾ വഹിക്കേണ്ടിവരുന്ന വിധത്തിലാകാം ഇതെന്ന് സൂചനയുണ്ട്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളാണ് ചർച്ച ചെയ്യുന്നത്. ഈ ഫോർമുലയോട് കമ്പനികൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. പരിഷ്കാരം ഇരുകൂട്ടർക്കും സ്വീകാര്യമായ വിധത്തിലാകുമ്പോൾ ഉപഭോക്താക്കൾക്കു ലഭിക്കുന്ന പ്രയോജനം എത്രകണ്ടെന്ന് കണ്ടറിയണം.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നികുതി കുറയ്ക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണം. അക്കാര്യത്തിൽ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ള സംസ്ഥാനങ്ങളിൽ നികുതി ഇളവ് നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചാലും തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്ന രാഷ്ട്രീയനേട്ടത്തിൽ കുറവുണ്ടാകില്ലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അസാം, ബംഗാൾ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ചിരുന്നു.
നിലവിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയരത്തിലാണ്. മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഉൾപ്രദേശങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയും കടന്നു. കർഷകസമരം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കേ, ഇന്ധന വിലവർദ്ധനയ്ക്ക് എതിരായ പ്രതിഷേധം കൂടി ആളിക്കത്തിയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ബി.ജി.പിക്കുണ്ട്.
എക്‌സൈസ് നികുതി വർദ്ധന
2020 മാർച്ചിനു ശേഷം കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി വർദ്ധിപ്പിച്ചിരുന്നു.
2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോൾ പെട്രോൾ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു; ഇപ്പോൾ 32.98 രൂപ.
ഡീസൽ എക്‌സൈസ് നികുതി 3.56 രൂപയിൽ നിന്ന് 31.83 രൂപയിലുമെത്തി.
അക്ഷയഖനി
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയുടെ 60 ശതമാനത്തോളവും കേന്ദ്ര- സംസ്ഥാന നികുതികളാണ്. 2019-20 ൽ മാത്രം ഇന്ധന നികുതി വരുമാനമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നേടിയത് 5.56 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ മാത്രം വരുമാനം 4.21 ലക്ഷം കോടി രൂപ കവിഞ്ഞു.
₹93.05
മൂന്നുദിവസമായി പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 93.05 രൂപയാണ്; ഡീസലിന് 87.53 രൂപ.
ഒമ്പതുമാസത്തിനിടെ പെട്രോളിന് കൂടിയത് 20.06 രൂപ; ഡീസലിന് 20.34 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |