SignIn
Kerala Kaumudi Online
Saturday, 23 May 2026 7.53 AM IST

ഇന്ത്യയിലെ വാക്സിൻ വിതരണത്തിൽ വൻ കുറവ്, 88 ലക്ഷം ഡോസിൽ നിന്ന് 53 ലക്ഷമായി, കാരണം ഞെട്ടിപ്പിക്കും

vaccine

ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണത്തിൽ വൻ ഇടിവ്. തിങ്കളാഴ്ച 88 ലക്ഷം ഡോസുകൾ കൊടുത്ത് റെക്കാഡ് ഇട്ട് 24 മണിക്കൂറിനുള്ളിൽ ഏകദേശം 25 ലക്ഷം ഡോസുകളുടെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മുഴുവൻ നൽകിയ ഡോസുകളുടെ എണ്ണം വെറും 53.86 ലക്ഷം ആണ്. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ ഡോസ് വിതരണം ചെയ്ത മദ്ധ്യപ്രദേശില്‍ ഇന്നലെ വന്ന കുറവാണ് വാക്സിനേഷന്റെ എണ്ണത്തിൽ ഇടിവ് വരാൻ കാരണം.

എന്നാൽ കണക്കുകൾ പരിശോധിച്ചാൽ 88 ലക്ഷം ഡോസുകൾ നൽകിയെന്ന കേന്ദ്രത്തിന്റെ അവകാശവാദം പോലും മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമാണെന്ന് മനസിലാകും. തിങ്കളാഴ്ച വാക്സിൻ കണക്കുകൾ ഉയർത്തുന്നതിനു വേണ്ടി മദ്ധ്യപ്രദേശിലെ ബി ജെ പി സർക്കാർ മൂന്ന് നാല് ദിവസങ്ങൾക്കു മുമ്പ് തന്നെ വാക്സിൻ വിതരണം സംസ്ഥാനത്ത് കുറച്ചിരുന്നു. ഇത് മുൻ പദ്ധതിപ്രകാരം മനപൂർവം ചെയ്തതാകാമെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനങ്ങളിൽ നിന്ന് വാക്സിൻ വിതരണത്തിന്റെ ചുമതല കേന്ദ്രം ഏറ്റെടുത്തത് കാരണം വാക്സിനേഷൻ കണക്കുകൾ വർദ്ധിച്ചുവെന്ന് പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് വിമർശനം.

രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയ തിങ്കളാഴ്ച മദ്ധ്യപ്രദേശിൽ മാത്രം നൽകിയത് 16.9 ലക്ഷം ഡോസുകളാണ്. എന്നാൽ അതിനു തലേദിവസമായ ഞായറാഴ്ച പൊതു അവധി ദിനമായിരുന്നിട്ടു പോലും വെറും 692 ഡോസ് വാക്സിൻ ആണ് വിതരണം ചെയ്തത്. കേന്ദ്ര സ‌ർക്കാരിന്റെ തന്നെ കോവിൻ ആപ്പിൽ നിന്നും ലഭിക്കുന്ന കണക്കുകളാണിത്.

എന്നാൽ കണക്കുകൾ കൂടുതൽ പരിശോധിച്ചാൽ ദിവസങ്ങൾക്കു മുമ്പ് തന്നെ മദ്ധ്യപ്രദേശ് വാക്സിൻ വിതരണത്തിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ജൂൺ 16ന് 338,847 ഡോസുകൾ നൽകിയപ്പോൾ തൊട്ടടുത്ത ദിവസം 124,226 ഡോസുകളായി ഇത് കുറഞ്ഞു. പിന്നെയുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് വാക്സിൻ കണക്കുകളിൽ കാണിക്കുന്നത്. ജൂൺ 18ന് 14,862 ഡോസുകളും ജൂൺ 19ന് 22,006 ഡോസുകളും ജൂൺ 20ന് വെറും 692 ഡോസുകളുമാണ് മദ്ധ്യപ്രദേശിൽ വികരണം ചെയ്തത്. ജൂൺ 13 മുതൽ ജൂൺ 16 വരെ മദ്ധ്യപ്രദേശിൽ ശരാശരി 228,784 ഡോസ് വാക്സിനുകൾ ദിവസേന വിതരണം ചെയ്തപ്പോൾ ജൂൺ 17 മുതൽ ജൂൺ 20 വരെ അത് വെറും 40,446 ഡോസുകളായി കുറഞ്ഞു.

ഇനി വരുന്ന ദിവസങ്ങളിലും മദ്ധ്യപ്രദേശിലെ വാക്സിൻ വിതരണത്തിൽ കുറവ് രേഖപ്പെടുത്താനാണ് സാദ്ധ്യത. ഈ കുറവ് രാജ്യത്തെ മൊത്തം വാക്സിൻ കണക്കുകളിൽ പ്രതിഫലിക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID VACC, INDIA COVID, MADHYAPRADESH VACCINATION, DAILY VACCINATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360