തൃശൂർ: കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ 24 പ്രോഗ്രാമുകൾക്ക് യു.ജി.സി. അംഗീകാരം ലഭിച്ചു. 14 ബിരുദ, 12 പി.ജി പ്രോഗ്രാമുകൾ ഇവയിൽപ്പെടും. വൈകാതെ പ്രവേശന വിജ്ഞാപനം പുറത്തിറക്കും. സ്ഥിരം അദ്ധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താൽ കഴിഞ്ഞ വർഷം യു.ജി.സി അംഗീകാരം നൽകിയിരുന്നില്ല. പ്രൈവറ്റായാണ് വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നൽകിയത്. യു.ജി.സി. ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കുകയായിരുന്നു. ബി.എ പ്രോഗ്രാമുകളായ ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, അഫ്‌സൽ അൽ ഉലമ, ബി.ബി.എ, ബി.കോം, എം.എ. പ്രോഗ്രാമുകളായ ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്‌സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം, എം.കോം എന്നിവയ്ക്കാണ് അംഗീകാരം. ബി.എസ്.സി, എം.എസ്.സി, മാത് സ് കോഴ്‌സുകൾ കൂടി വൈകാതെ അംഗീകാരം നേടുമെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം സ്ഥിരം സമിതി കൺവീനർ യൂജിൻ മൊറേലി അറിയിച്ചു.