മുംബയ്: ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ക്ലിയർട്രിപ്പിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. കൊവിഡ് നിയന്ത്രണത്തിന് ഇളവ് വന്നതോടെ ഇന്ത്യയ്ക്കകത്ത് വിമാനയാത്രകൾ ശക്തമായതോടെയാണ് അദാനിയുടെ നീക്കം. അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് ക്ലിയർട്രിപ്പിലെ ഓഹരികൾ വാങ്ങുന്നത്. നവംബറിൽ ഇടപാട് നടക്കുമെന്നാണ് സൂചന. എന്നാൽ, എത്ര രൂപയ്ക്കാണ് ഓഹരികൾ വാങ്ങുന്നതെന്നോ എത്ര ഓഹരികൾ വാങ്ങുമെന്നോ വ്യക്തമാക്കിയിട്ടില്ല. നിലവിൽ വാൾമാർട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ക്ലിയർട്രിപ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ റീടെയ്ൽ വെയർഹൗസ് നിർമ്മിക്കാൻ അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡും ഫ്ലിപ്കാർട്ടും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. 534000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഫുൾഫിൽമെന്റ് സെന്ററിനായുള്ളതായിരുന്നു കരാർ. 11 ഫുട്ബാൾ മൈതാനങ്ങളുടെ അത്രയും വിസ്തൃതിയാണ് ഈ വെയർഹൗസിന്റേത്. മുംബയിൽ അദാനി ലോജിസ്റ്റിക്സ് വെയർഹൗസ് നിർമ്മിച്ച് അത് ഫ്ലിപ്കാർട്ടിന് ലീസിന് നൽകാനാണ് ധാരണ.
ലക്ഷ്യം സൂപ്പർ ആപ്പ്
പുതിയ നീക്കത്തിലൂടെ തുറമുഖം മുതൽ ഊർജ്ജ മേഖല വരെ വ്യാപിച്ച് നിൽക്കുന്ന തങ്ങളുടെ സേവനങ്ങളെ ഒരു സൂപ്പർ ആപ്പിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും എയർപോർട്ട് മാനേജ്മെന്റ് ബിസിനസിന്റെ ശക്തിപ്പെടുത്താമെന്ന ലക്ഷ്യവും അദാനി ഗ്രൂപ്പിന് നിറവേറ്റാനായേക്കും. ഇതിന് പുറമെ ഫ്ലിപ്കാർട്ടുമായും അതിന്റെ ഉടമകളായ വാൾമാർട്ടുമായും അദാനി ഗ്രൂപ്പിന് കൈകോർക്കാനാവുമെന്നതും പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |