കൊച്ചി: കൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ എറണാകുളം നോർത്തിലെ 'സമൃദ്ധി@കൊച്ചി' ജനകീയ ഹോട്ടലും ഇടംനേടി. പത്തു രൂപ ഊണിനെ കുറിച്ചുള്ള വാർത്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വയനാട് മുതൽ കന്യാകുമാരിയിൽ നിന്നുള്ളവർ വരെ ഇവിടെ വന്ന് ഊണു കഴിച്ച് സംതൃപ്തിയോടെ മടങ്ങുന്നു.
രാവിലെ 11 ന് ഭക്ഷണം തയ്യാറാകും. 1.30 ഓടെ തിരക്ക് തുടങ്ങും. വൈകിട്ട് നാലു വരെ ഭക്ഷണം ലഭിക്കും. തിരക്ക് വർദ്ധിച്ചതോടെ സ്ത്രീകൾക്കായി പ്രത്യേക കൗണ്ടർ ആരംഭിച്ചു. പാഴ്സലിനും നിയന്ത്രണമായി. നാലു പാഴ്സലിൽ കൂടുതൽ നൽകില്ല. ഹോട്ടൽ പ്രവർത്തിക്കുന്ന ലിബ്ര ഹോട്ടലിലെ ഷീ ലോഡ്ജിൽ 150 ഇരിപ്പിടങ്ങൾ ഉടൻ തയ്യാറാക്കും. പ്രഭാതഭക്ഷണത്തെ കുറിച്ച് ആലോചന തുടങ്ങിയിട്ടില്ല. മത്സ്യവിഭവങ്ങൾ വൈകാതെ നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീക്കാർ.
കഴിഞ്ഞ 7 ന് പ്രവർത്തനം ആരംഭിച്ചു
ഏറ്റവും കൂടുതൽ ഊണ്: 3264
ശരാശരി: 3000
ഏറ്റവും കുറവ്: 1877 ( 17. ഞായർ )
പലതുള്ളി പെരുവെള്ളം
ജനകീയഹോട്ടലിന്റെ നടത്തിപ്പിനായി കോർപ്പറേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. 30 രൂപയുടെ ഊണാണ് പത്തുരൂപയ്ക്ക് നൽകുന്നത്. പത്തുരൂപ സർക്കാർ നൽകുന്നതിനാൽ പത്തുരൂപ മാത്രമാണ് കോർപ്പറേഷന് നഷ്ടം. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് ആ നഷ്ടം ഒഴിവാക്കുന്നത്. സംരംഭം വൻവിജയമായതോടെ സ്വദേശത്തും വിദേശത്തും നിന്ന് നിരവധി സഹായവാഗ്ദാനങ്ങൾ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പ്രത്യേക അക്കൗണ്ടിലേക്ക് സഹായങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചത്. ഇതുവരെ സംഭാവനയായി 431283 രൂപ ലഭിച്ചു. നൂറു രൂപ മുതൽ രണ്ടു ലക്ഷം വരെ തന്നവരുണ്ട്. മേയർ എം.അനിൽകുമാർ
സഹായങ്ങൾ അക്കൗണ്ടിലേക്ക്
സമൃദ്ധി @ കൊച്ചി എന്ന പേരിൽ ഫെഡറൽ ബാങ്കിന്റെ എറണാകുളം സൗത്ത് ശാഖയിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്കാണ് സഹായങ്ങൾ നൽകേണ്ടത്. അക്കൗണ്ട് നമ്പർ: 11530200024910. ഐ.എഫ്.എസ്.സി എഫ്.ഡി.ആർ.എൽ 0001153.
ഗുണമേൻമ നിലനിർത്തും
ഭക്ഷണത്തിന്റെ ഗുണമേൻമയ്ക്കാണ് മുൻഗണന . പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി എല്ലാ ആഴ്ചയും യോഗം ചേരുന്നുണ്ട്
ഷീബാലാൽ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |