തൃശൂർ : കോൺഗ്രസ് നേതാവ് എന്ന നിലയിൽ സി.എൻ. ബാലകൃഷ്ണൻ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആശ്രയവും അതിലേറെ വിശ്വാസവുമായിരുന്നുവെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. തങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ സി.എന്ന് സാധിക്കും എന്ന് ഓരോ കോൺഗ്രസ് പ്രവർത്തകനും ഉറച്ച് വിശ്വസിച്ചിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും, മുൻ സഹകരണമന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ 3ാം ചരമവാർഷികദിനത്തോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.
ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ഡോ. പി.വി. കൃഷ്ണൻ നായർ, സി.എന്റെ സഹധർമ്മിണി തങ്കമണി ടീച്ചർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, ഐ.പി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
സുധീരൻ നയിക്കുന്ന പദയാത്ര മാറ്റി
തൃശൂർ: വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനുമെതിരെ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.എം. സുധീരൻ നയിക്കുന്ന പദയാത്ര, ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സൈനികൻ എ. പ്രദീപിനോടുള്ള ആദര സൂചകമായി മാറ്റി. ശനിയാഴ്ച വൈകിട്ട് ജില്ലയിലെ എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിക്കും. യാത്ര തിങ്കളാഴ്ച 4ന് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |