കൊച്ചി: കപ്പൽ നിർമ്മാണ മേഖലയിൽനിന്ന് പരിസ്ഥിതി സൗഹൃദ ഇ- മൊബിലിറ്റി സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ച് തൃക്കാക്കര സ്വദേശി. വൈദ്യുതി ഇന്ധനമായ സൈക്കിളുകൾ, മോപ്പഡുകൾ, ബോട്ടുകൾ എന്നിവയ്ക്ക് പുറമെ ജീവിതശൈലി ഉത്പന്നങ്ങളും വിപണിയിലെത്തിക്കും. സിംഗപ്പൂരിലെ അൾട്രാഡീപ് കമ്പനിയിൽ കപ്പൽ രൂപകല്പന, നിർമ്മാണം എന്നിവയുടെ ജനറൽമാനേജരായിരുന്ന ജിത്തു സുകുമാരൻ നായർ ആരംഭിച്ച 'വാൻ" സ്റ്റാർട്ടപ്പിന് സ്റ്റാർട്ടപ്പ് ഇന്ത്യ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ അംഗീകാരവും ലഭിച്ചു.
വരാപ്പുഴയിലെ യൂണിറ്റിൽനിന്ന് വൈദ്യുത സൈക്കിളുകളാണ് ആദ്യം പുറത്തിറക്കുക. മോപ്പഡ്, സ്കൂട്ടർ, ബോട്ട് എന്നിവയും നിർമ്മിക്കുമെന്ന് ജിത്തു സുകുമാരൻ നായർ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഇ മൊബിലിറ്റി സ്റ്റാർട്ടപ്പാണ് വാൻ. ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര മോട്ടോർ സൈക്കിൾ ഷോയിലാണ് സ്റ്റാർട്ടപ്പ് അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ വിദേശവിപണിയും ലക്ഷ്യമിട്ട് ബെനെല്ലി ഉൾപ്പെടെ അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തവുമുണ്ട്.
പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കകം സ്റ്റാർട്ടപ്പിൽ 10 കോടി രൂപയുടെ നിക്ഷേപത്തിനും ധാരണയായി. 15 കോടി രൂപ മുടക്കിലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
ഇന്ത്യയിൽ നിന്ന് ആഗോള വൈദ്യുത വാഹന ബ്രാൻഡായി വളരുകയാണ് ലക്ഷ്യം.
ജിത്തു സുകുമാരൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |