ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുമായി ടൂറിസം വകുപ്പ്
പദ്ധതിയുടെ ആദ്യഘട്ടത്തിന് 50 കോടി
കൊല്ലം:തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശികതലത്തിൽ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുമായി ടൂറിസം വകുപ്പ്. തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങൾ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുകയാണ് ലക്ഷ്യം. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക ജനതയ്ക്ക് വരുമാനവും ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
തങ്ങളുടെ മേഖലയിൽ വികസിപ്പിക്കേണ്ട ടൂറിസം കേന്ദ്രത്തിന്റെ വിശദരൂപരേഖ സാദ്ധ്യതകൾ സഹിതം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം. ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങളിൽ പരന്നുകിടക്കുന്ന കേന്ദ്രമാണെങ്കിൽ സംയുക്തമായി പദ്ധതി തയ്യാറാക്കണം. ഇത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശവകുപ്പിന്റെ അനുമതി വാങ്ങിയ ശേഷം ടൂറിസം വകുപ്പിന് സമർപ്പിക്കണം. പദ്ധതിക്ക് ആവശ്യമായ ചെലവിന്റെ 60 ശതമാനം തുക ടൂറിസം വകുപ്പ് വഹിക്കും. ഒരു കേന്ദ്രത്തിന്റെ വികസനത്തിന് പരമാവധി 50 ലക്ഷം രൂപയാണ് നൽകുക. പരമാവധി ഒരുകോടി രൂപ വരെ ചെലവാകുന്ന പദ്ധതികൾ തയ്യാറാക്കാം.
സഞ്ചാരികൾക്ക് വിവിധ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി വരുമാനം കൂടി ലഭിക്കുന്ന തരത്തിൽ വേണം ടൂറിസം കേന്ദ്രത്തിന്റെ വികസനം. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം പൂർണമായും തദ്ദേശ സ്ഥാപനത്തിന് അവകാശപ്പെട്ടതാണ്. ആ തുക ഈ കേന്ദ്രത്തിന്റെ നവീകരണത്തിനും ഭാവി വികസനത്തിനും ഉപയോഗിക്കാം. 40 ശതമാനം തുക ആദ്യം തദ്ദേശ സ്ഥാപനം ചെലവാക്കണം. എന്നിട്ടേ ടൂറിസം വകുപ്പിന്റെ വിഹിതമായ 60 ശതമാനം നൽകുള്ളു. പദ്ധതി ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |