Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

രവി എന്ന സ്നേഹത്തിന്റെ ശക്തി

ms-ravi-

രവി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വർഷം. മനസിൽ ആ സ്നേഹദീപ്തി ഇന്നും നിറഞ്ഞു നിൽക്കുന്നു. അരനൂറ്റാണ്ടു മുൻപ് തിരുവനന്തപുരത്തേക്ക് എന്നെ ആകർഷിച്ച് അടുപ്പിച്ചത് കേവലം കോളേജദ്ധ്യാപകനാകാനുള്ള ക്ഷണം ആയിരുന്നില്ല. ജന്മനാട്ടിലെ മാതൃ കലാലയത്തിലും ഹൃദയ വാതിൽ തുറന്നിട്ടിരുന്നതാണ്.

പക്ഷേ കഥാവഴിയിൽ ലഹരി കയറിയ ബാല്യം കടന്ന് കൗമാരത്തിലെത്തിയപ്പോൾ കൗമുദി ആഴ്ചപ്പതിപ്പും കേരളകൗമുദി ദിനപത്രവും ആവേശം പകർന്നു. കൗമുദി ലീഗിൽ തുടക്കം. കുറേ കഥകൾ വെളിച്ചം കണ്ടു. കെ. ബാലകൃഷ്ണന്റെ പ്രീതിയും സമ്പാദിച്ചു. ക്രമേണ ആ ബന്ധം കേരളകൗമുദിയിലേക്ക് വളർന്നു. കെ. സുകുമാരൻ എന്ന സംസ്കാര ഗോപുരം സർഗപഥം പ്രകാശ നിർഭരമാക്കി. അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ കുളത്തൂർ പ്രസംഗം. കാലത്തെ ഗ്രസിച്ച ജാതി മതാദി അന്ധത വെടിഞ്ഞ് ഇരുട്ടിൽ തെളിയുന്ന പൗർണമിയായി അനുഭവപ്പെട്ട കേരളകൗമുദി സൃഷ്ടിച്ച മാനവികത എന്റെ സംസ്കാരഗതിക്ക് ഇണങ്ങുന്നതായി. തിരുവനന്തപുരത്ത് കലാശാലാദ്ധ്യാപകനായി ചേരുമ്പോൾ കേരളകൗമുദിയിൽ പി.കെ. ബാലകൃഷ്ണൻ ഉണ്ടായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പി.കെ. ബാലകൃഷ്ണൻ എറണാകുളം ബോട്ട് ജെട്ടിയിൽ ബുക് സ്റ്റാൾ നടത്തുകയായിരുന്നു. ബഷീഴ്സ് പുസ്തകശാല പ്രവർത്തിച്ചിരുന്ന അതേ ഇടം. നല്ല എഴുത്തുകാരനും പ്രഭാഷകനുമായി പി.കെ അന്നേ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തെ സ്കൂൾ വാർഷികാഘോഷത്തിന് പ്രസംഗിക്കാൻ ക്ഷണിച്ചുകൊണ്ടു പോയിട്ടുണ്ട്; ഒ.എൻ.വി, ഏരൂർ വാസുദേവ് തുടങ്ങിയവർക്കൊപ്പം. അങ്ങനെ ഒരു ചെറിയ പരിചയം. പിന്നെ ഒരേ ജില്ലക്കാർ, അതിന്റെ സ്വകാര്യാഭിമാനം.

പത്രാധിപർ കെ. സുകുമാരന്റെ അരികിലേക്ക് ആദ്യം എന്നെ ആനയിച്ചത് ആ എടവനക്കാട്ടുകാരനാണ്. കേരളകൗമുദിയിൽ കഥകളും ലേഖനങ്ങളും എഴുതാൻ അവസരമൊരുങ്ങി. എന്നാൽ ആ മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി ഞാൻ മാറിയത് പത്രാധിപരുടെ ഇളയമകൻ, കുഞ്ഞുമോൻ എന്ന ഓമനപ്പേരുകാരൻ എം.എസ്. രവി മാർ ഇവാനിയോസ് കോളേജിൽ വിദ്യാർത്ഥിയായി ചേർന്നതോടെയാണ്. ആരും എളുപ്പത്തിൽ ഇഷ്ടപ്പെട്ടു പോകുന്ന നന്മ നിറഞ്ഞ പ്രകൃതം. രവി എനിക്ക് പ്രിയപ്പെട്ടവനായി, സ്വന്തം അനുജൻ തന്നെയായി.

അഞ്ച് നൂറ്റാണ്ടുകാലം നീളുന്ന ചരിത്രപഥത്തിലൂടെ ഞാൻ സഞ്ചരിക്കുകയാണ്. പത്രാധിപരുടെ അരികിലേക്ക് രവി എന്നെ ആനയിച്ചു. ഓഫീസിലും വീട്ടിലും വച്ച് ആ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങാൻ എത്രയെത്ര അവസരങ്ങൾ. അമ്മയും സഹോദരങ്ങളും എന്നെ സ്വന്തമെന്നു കരുതി, ചേർത്തു നിറുത്തി. കുഞ്ഞുമോന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ എന്ന നിലയിൽ എവിടെയും നല്ല സ്വാഗതമാണ് എനിക്കു ലഭ്യമായത്. എന്റെ സർഗ ജീവിതത്തെ അത് പുഷ്‌കലമാക്കുകയും ചെയ്തു. ഒരു പുസ്തകമെഴുതിയാൽ ആദ്യം സമർപ്പിക്കുന്നത് പത്രാധിപരുടെ ശ്രേഷ്ഠകരങ്ങളിൽ, വാരാന്ത്യകൗമുദിയിൽ വൈകാതെ ഗ്രന്ഥനിരൂപം. എല്ലാറ്റിലും നല്ല കരുതലും സദാ സ്നേഹവുമായിരുന്നു പത്രാധിപർക്ക്. വാർഷികപ്പതിപ്പിൽ സ്ഥിരമായി കഥകൾ, മുടക്കമില്ലാതെ അതിന്നും തുടരുന്നു. പിൽക്കാലത്ത് എന്റെ മൂന്നു നോവലുകൾ, 'ഞാൻ കാത്തിരിക്കുന്നു', 'ഹൃദയത്തിൽ ഒരു വാൾ', 'പ്രണയ താഴ്‌വരയിലെ ദേവദാരു' എന്നിവ പ്രകാശിതമായതും കേരളകൗമുദിയിലൂടെ. അദൃശ്യലോകത്തിരുന്ന് പത്രാധിപർ ഇന്നും അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

വ്യക്ത്യനുഭവങ്ങൾ കേരളകൗമുദിയും പത്രാധിപരും എം.എസ്.രവിയിലൂടെ വർഷിച്ച സ്നേഹവായ്പിന്റെ ഒരംശം. മാർ ഇവാനിയോസ് കോളേജിനെയും പ്രിൻസിപ്പൽ റവ. ഡോ. ഗീവർഗീസ് പണിക്കർ, പേട്രൺ മോസ്റ്റ് റവ. ബനഡിക്സ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത എന്നിവരെയും തലസ്ഥാന നഗരിയുടെ ഹൃദയാരാമത്തിലെ സുഗന്ധ പുഷ്പങ്ങൾ പോലെ പ്രിയതരമാക്കുന്നതിന് പത്രാധിപരും അദ്ദേഹത്തിന്റെ പത്രസ്ഥാപനവും വഹിച്ച പങ്ക് അനിതര സാധാരണം; അദ്വിതീയം. മതാതീതമായ മനുഷ്യസ്നേഹത്തിന്റെ ആചാര്യന്മാരാക്കി അവരെ ഉയർത്തിക്കാട്ടി. ശ്രീനാരായണ ധർമ്മപരിപാലന വേദികളിൽ ആരാദ്ധ്യമായ സ്ഥാനം ഉറപ്പാക്കി. എം.എസ്. രവിയുടെ ചടുലവും സൗമ്യദീപ്തവുമായ ഇടപെടലുകളാണ് വലിയൊരളവിൽ ഇതിനു നിദാനമായി തീർന്നത്.

കലാലയ വിദ്യാഭ്യാസശേഷവും മാർ ഇവാനിയോസ് കോളേജുമായുള്ള എം.എസ്. രവിയുടെ ബന്ധം ദൃഢതരമായി നിലകൊണ്ടു. പൂർവവിദ്യാർത്ഥി സംഘടനയായ അമിക്കോസിന്റെ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ രവി അർപ്പിച്ച കർമ്മോത്സാഹം എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല. കോളേജിലെ ഓരോ പരിപാടിക്കും സമൂഹ ശ്രദ്ധ ലഭിക്കാനുതകുംവിധം കേരളകൗമുദിയിൽ വാർത്തകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. സ്വന്തം പത്രമെന്ന് ഞങ്ങൾ കേരളകൗമുദിയെ കൊണ്ടാടി. കേരളകൗമുദിയും മാർ ഇവാനിയോസ് കോളേജും തമ്മിലുള്ള ബന്ധം എന്നും പ്രഗാഢം, ഊഷ്മളം.

കോളേജ് അദ്ധ്യാപകരുടെ സമര സംഘടനയായ എ.കെ.പി.സി.ടി.എയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണാർത്ഥമുള്ള പോരാട്ടങ്ങൾ ശക്തിപ്പെട്ട കാലത്താണ് എം.എസ്. രവി മാർ ഇവാനിയോസ് കോളേജിൽ വിദ്യാർത്ഥിയായിരുന്നത്. 1971 ലെ ഡയറക്ട് പേയ്മെന്റ് സമരകാലത്ത് കേരളകൗമുദിയും പത്രാധിപർ കെ. സുകുമാരനും നൽകിയ ഊർജവും സംരക്ഷണവും ചരിത്രത്തിന്റെ ഭാഗം. ഈ വിഷയത്തിൽ രവി പുലർത്തിയ പ്രത്യേക താത്പര്യവും ഞങ്ങളിൽ ചിലർക്കു നേരെ മാനേജ്മെന്റിന്റെ ആക്രമണമുണ്ടായപ്പോൾ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയതും ഓർമ്മകളെ സുരഭിലമാക്കുന്നു. 'ഹൃദയരാഗങ്ങൾ' എന്ന പേരിൽ പ്രസിദ്ധീകൃതമായ ആത്മകഥയിൽ ഞാനത് കൃതജ്ഞതാപൂർവം രേഖപ്പെടുത്തിയിട്ടുണ്ട്.

പല പ്രഭാഷണങ്ങളിലും ഞാൻ വ്യക്തമാക്കിയിട്ടുള്ള ഒരു വസ്തുതയുണ്ട്; മദ്ധ്യ തിരുവിതാംകൂറിൽ ജനിച്ചു വളർന്ന എന്റെ നെറ്റിയിലെ കുരിശടയാളത്തിന്റെ തീക്ഷ്ണത മാറ്റിത്തന്നത് കേരളകൗമുദിയാണെന്ന്. കത്തോലിക്കാ കോളേജുകളിൽ പഠിക്കുകയും ദീർഘകാലം പഠിപ്പിക്കുകയും ചെയ്തിട്ടും നല്ല കുഞ്ഞാടിന്റെ പ്രകൃതം എനിക്ക് അന്യമായിത്തീർന്നത് ഈ സമ്പർക്കത്തിന്റെ അനുഗ്രഹം. അത് എന്നെ തിരുവനന്തപുരത്തിന്റെ ഭാഗമാക്കി. ശ്രീനാരായണ ദർശനം വിഭാവനം ചെയ്ത മാനവികതയുടെ പ്രകാശ വഴിയിലൂടെ യാത്ര ചെയ്യാൻ പ്രാപ്തനാക്കി.

കോളേജിൽ നിന്ന് പിരിഞ്ഞ് സംസ്ഥാന സർക്കാരിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരതാ സമിതി, സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡയറക്ടറായി പ്രവർത്തിക്കാൻ ഇടവന്ന ഘട്ടങ്ങളിലും 'കേരളകൗമുദി' എന്നോടൊപ്പമുണ്ടായിരുന്നു. കോളേജിൽ പങ്കുകൊള്ളാനെത്തുന്ന രവി എന്നെ വീട്ടിൽ വന്നു കണ്ടു; ചില പ്രധാന ഘട്ടങ്ങളിൽ എന്നെ സഹകരിപ്പിക്കാൻ പ്രത്യേക താത്‌പര്യമെടുത്തതും രവി. സ്റ്റേറ്റ് റിസോഴ്സ് സെന്റർ ചെയർമാനായി സർവീസിൽ നിന്നും വിരമിക്കുമ്പോൾ കേരളകൗമുദി നൽകിയ വാർത്താ പ്രാധാന്യവും എനിക്ക് മറക്കാൻ കഴിയില്ല.

മഹാനായ അച്ഛന്റെ പ്രിയപ്പെട്ട മകൻ എന്ന നിലയിലാണ് രവിയെ ഞാൻ ഓർക്കുന്നത്. സി.വി. കുഞ്ഞുരാമനും കെ. സുകുമാരനും ആധാര ഭൂമിക ഉറപ്പിച്ച കേരളകൗമുദി എം.എസ്. രവിയിലൂടെ ആധുനീകരണത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടുപോയി. സാങ്കേതിക തലത്തിൽ വികാസം നേടി. ദൃശ്യമാദ്ധ്യമ രംഗത്തും ചുവടുറപ്പിച്ചു. ജീവനക്കാരുടെ സ്നേഹവും സഹകരണവും ഉറപ്പാക്കി. വിനയാന്വിതമായ പ്രകൃതം കൊണ്ട് ബന്ധപ്പെടുന്നവരുടെ മുഴുവൻ മനസിൽ ഇടം നേടിയ രവി മറഞ്ഞത് മദ്ധ്യാഹ്ന സൂര്യനെപ്പോലെ പ്രകാശം ചൊരിഞ്ഞു നിന്ന നേരത്താണ്. നഷ്ടബോധവും കദനഭാരവും ഇരുൾ പരത്തി.

ഇപ്പോൾ ഒരു വർഷം പിന്നിടുന്നു. ദീപുരവിയുടെ പത്രാധിപത്യത്തിലും ദർശൻ രവിയുടെ പ്രസാധന ശ്രദ്ധയിലും പ്രഗല്ഭരായ സഹപ്രവർത്തകരുടെ അർപ്പണ ബോധത്തിലും കേരളകൗമുദിയുടെ യശസ് കോട്ടം തട്ടാതെ നിലനിൽക്കുന്നു. ആശ്വാസം, സന്തോഷം. പക്ഷേ രവിയില്ല എന്ന തിരിച്ചറിവിൽ മനസിന്റെ വേദന ഒഴിവാക്കാനാകുന്നില്ല. ഒറ്റപ്പെടുന്ന ചില നിമിഷങ്ങളിൽ രവി ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ആ സ്നേഹം വലിയ ശക്തിയാകുമായിരുന്നു; എല്ലാവർക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY