റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ, ഗുരുധർമ്മ പ്രചരണ സഭ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്താഭിഖ്യത്തിൽ നടത്തുന്ന ഇരുപത്തിയേഴാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി 11, 12, 13 തീയതികളിൽ നടക്കും. കൺവെൻഷൻ പന്തലിനുള്ള കാൽനാട്ടു ഘോഷയാത്ര 30ന് ഉച്ചകഴിഞ്ഞ് 2.30ന് ചൂരക്കുഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. റാന്നി മണ്ഡലം പ്രസിഡന്റ് സി.എസ്.വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും.
വിഗ്രഹഘോഷയാത്ര ഫെബ്രു.11ന് രാവിലെ 8.30ന് പേഴുംപാറ ഗുരുദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
കൺവെൻഷൻ ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീനാരായണ ധർമ്മ സംഘം മുൻ ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, പി.എൻ.മധുസൂദനൻ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.കെ ലളിതമ്മ, യൂത്ത്മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് അനിയൻ, സി.എസ്.വിശ്വംഭരൻ എന്നിവർ സംസാരിക്കും.
12ന് രാവിലെ 9.30ന് സമൂഹപ്രാർത്ഥന, 10.30ന് എറണാകുളം നിത്യനികേതനം ആശ്രമം സ്വാമിനി നിത്യ ചിൻമയിയുടെയും ഉച്ചയ്ക്ക് രണ്ടിന് അനൂപ് വൈക്കത്തിന്റെയും പഠന ക്ളാസ്. 13ന് രാവിലെ 10ന് ബിജു പുളിക്കലേടത്ത് ക്ളാസെടുക്കും.
ഉച്ചയ്ക്ക് 1.30ന് സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ പ്രമോദ് നാരായൺ, കെ.യു.ജനീഷ് കുമാർ, റാന്നി ബ്ളോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, പഞ്ചായത്തംഗം രമ്യാമോൾ, ജനറൽ കൺവീനർ പി.എൻ ചന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |