തൃശൂർ: അഭ്യസ്തവിദ്യരായ 788 പേർക്ക് തൊഴിലവസരം നൽകി കേരള നോളേജ് ഇക്കോണമി മിഷൻ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നടന്ന തൊഴിൽ മേളയിലാണ് നിരവധി യുവതീ, യുവാക്കൾക്ക് തൊഴിലവസരം ലഭിച്ചത്. വിവിധ കമ്പനികൾ 192 പേരെ തിരഞ്ഞെടുത്തു. 596 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.
കേരളത്തിന് അകത്തും പുറത്തും നിന്നായി 83 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 70 കമ്പനികൾ നേരിട്ടും 13 കമ്പനികൾ വെർച്വലായും തൊഴിൽ ദാതാക്കളായി. ഓൺലൈനായി രജിസ്റ്റർ ചെയ്ത് എൻജിനിയറിംഗ് കോളേജിൽ 1436 പേർ ഇന്റർവ്യൂവിന് ഹാജരായി. പ്ലസ് ടു വിദ്യാഭ്യാസം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മേളയിൽ അവസരം ലഭിച്ചു.
ഐടി, എൻജിനിയറിംഗ്, ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടൈൽസ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, മീഡിയ, സ്കിൽ എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷ്വറൻസ്, ഷിപ്പിംഗ്, അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ്, ടാക്സ് എന്നീ മേഖലകളിൽ നിന്നുള്ള കമ്പനികളാണ് മേളയിൽ പങ്കെടുത്തത്.
21 മുതൽ 23 വരെ വെർച്വൽ ജോബ് ഫെയർ
ജോബ് ഫെയറിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി വെർച്വൽ ( ഓൺലൈൻ) ജോബ് ഫെയർ സൗകര്യം ഒരുക്കിയിട്ടുണ്ട്. DWMS രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച് തന്നെ ജോബ് ഫെയർ പോർട്ടലിൽ കയറി ഓരോ തൊഴിൽ അന്വേഷകനും വെർച്വൽ ജോബ് ഫെയർ തിരഞ്ഞെടുക്കാനുള്ള അവസരവും സൗകര്യവും ലഭ്യമാണ്. ജനുവരി 21, 22, 23 തീയതികളിലായാണ് വെർച്വൽ ജോബ് ഫെയർ നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് തന്നെ നേരിട്ട് വെർച്വൽ സംവിധാനത്തിൽ പങ്കെടുക്കാം. വിവിധ തൊഴിൽ മേഖലകളിലെ നാനൂറിൽപ്പരം കമ്പനികളും വെർച്വലായി പങ്കെടുക്കുന്നുണ്ട്. DWMS ഐഡി ഉപയോഗിച്ച് തന്നെ വെർച്ച്വൽ ജോബ് ഫെയർ തിരഞ്ഞെടുക്കുന്ന മുറക്ക് ഇന്റർവ്യൂ സമയവും സ്ലോട്ടും നൽകിക്കൊണ്ടുള്ള അറിയിപ്പ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |