പയ്യന്നൂർ : ശ്രീനാരായണ ഗുരുദേവന്റെ അന്തിമ ശിഷ്യനും സ്വാതന്ത്യ സമരസേനാനിയും നവോത്ഥാന നായകനുമായിരുന്ന സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ച ശ്രീ നാരായണ ആശ്രമത്തിലെ (ശ്രീനാരായണ വിദ്യാലയം) സ്വാമിയുടെ സമാധിമണ്ഡപത്തിന്റെ പുനർനിർമ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന ആശ്രമ കെട്ടിടം , പഴയ തനിമ അതേപടി നിലനിർത്തി അടുത്തിടെയാണ് നവീകരിച്ചത്. ഇതോടൊപ്പം സ്വാമിജി അന്ത്യവിശ്രമം നിലകൊള്ളുന്ന സമാധിമണ്ഡപം, ഗാന്ധി മാവിൻ ചുവട്ടിലെ ഗാന്ധിജിയുടെ ചിതാഭസ്മ കലശം സൂക്ഷിക്കുന്ന സ്മൃതി മണ്ഡപം, തുടങ്ങിയവ കാലോചിതമായ മാറ്റങ്ങളോടെ പുനർ നിർമ്മിക്കുവാനും മഹാത്മജി, ശ്രീനാരായണ ഗുരുദേവൻ, സ്വാമി ആനന്ദ തീർത്ഥൻ, എന്നിവരുടെ വെങ്കല പ്രതിമകൾ സ്ഥാപിക്കുകയും അതോടൊപ്പം ചരിത്ര സത്യങ്ങൾ ആലേഖനം ചെയ്ത ചുമർചിത്രങ്ങൾ സഹിതം 50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നവീകരണ സഹായ സമിതിയുടെ നേതൃത്വത്തിൽ പുതുതായി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൽ സ്വാമിയുടെ സമാധി മണ്ഡപത്തിന്റെ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനമാണ് എം.എൽ.എ. നിർവ്വഹിച്ചത്.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ബാലൻ, ടി.വിശ്വനാഥൻ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ , എ.രൂപേഷ് തുടങ്ങിയവർ സംസാരിച്ചു. നവീകരണ സഹായ സമിതി ചെയർമാൻ കെ.പി.ശ്രീധരൻ സ്വാഗതവും വൈസ് ചെയർമാൻ എ. കുഞ്ഞമ്പു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |