മുക്കം: റംസാൻ വ്രതം രണ്ടാം വാരത്തിൽ പ്രവേശിച്ചതോടെ മലയോരത്ത് ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി. വിവിധ സംഘടനകളും കൂട്ടായ്മകളുമാണ് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ജെ.സി.ഐ മുക്കം മൈത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലായി. ലിന്റോ ജോസഫ് എം.എൽ.എ, മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു തുടങ്ങിയവർ പങ്കെടുത്തു. ജെ.സി.ഐ മുക്കം മൈത്രി പ്രസിഡന്റ് ജിനോജ് കുരുവിള, മൻസൂർ കമ്പളവൻ, ജി.എൻ.ആസാദ്, അനസ്, റിയാസ് എന്നിവർ നേതൃത്വം നൽകി. വിവിധ വ്യാപാരി സംഘടനകൾ, സാംസ്കാരിക- സന്നദ്ധ സംഘടനകൾ, ഓട്ടോറിക്ഷ ജീവനക്കാർ,ചുമട്ടു തൊഴിലാളികൾ, യൂണിയനുകൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് ഈ മാസം 24 ന് നടത്തുന്ന മെഗാ ഇഫ്താർ മീറ്റിന് ഒരുക്കങ്ങളാരംഭിച്ചു. ബക്കർ കളർ ബലൂൺ ചെയർമാനും അലി അക്ബർ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. റിയാസ് കുങ്കഞ്ചേരിയാണ് കോ-ഓർഡിനേറ്റർ. എ.സി.നിസാർ ബാബു, റഫീഖ് തോട്ടുമുക്കം, എൻ.കെ.മുഹമ്മദലി, ഡോ.എ.മനോജ്, ഡോ.സി.ജെ.തിലക്, അബ്ദുസലാം, അബ്ദുറഹ്മാൻ, ഫിറോസ്, സലീം, ഹാരിസ് ബാബു, ബഷീർ ചാലിൽ, ജാഫർ എന്നിവരാണ് വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ. മെഗാ ഇഫ്താർ മീറ്റിൽ ആയിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മുൻകാല വ്യാപാരികളെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കും. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സാംസ്കാരിക സമ്മേളനവും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |