തൃശൂർ: ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം അളക്കണോ? എങ്കിൽ തേക്കിൻകാട്ടിലേക്ക് വരൂ.. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി.
മേള നടക്കുന്ന പവലിയന് സമീപം നിറുത്തിയിട്ടിരിക്കുന്ന ലാബിൽ എത്തിയാൽ ഭക്ഷ്യസുരക്ഷ നിർണയിക്കുന്നതിനുള്ള ഉപകരണങ്ങളും പരിചയപ്പെടാം. വെളിച്ചണ്ണയുടെ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുളള റിഫ്രാക്ടോമീറ്റർ, ഭക്ഷണത്തിലെ പൂപ്പൽബാധ മൂലമുണ്ടാകുന്ന അഫ്ളോടോക്സിൻ എന്ന വിഷാംശം കണ്ടുപിടിക്കുന്നതിനുളള റാപ്ടർ എന്ന ഉപകരണം, വെള്ളത്തിലെ പി.എച്ച് കണ്ടുപിടിക്കുന്നതിനുളള പി.എച്ച് മീറ്റർ, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മിൽക്ക് അനലൈസർ, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കുന്നതിനുളള ഫ്രൈഓയിൽ മോണിറ്റർ എന്നീ ഉപകരണങ്ങളുമായാണ് ലാബ് രംഗത്തെത്തിയിരിക്കുന്നത്.
മൈക്രോബയോളജി ചെയ്യുന്നതിനുളള ബയോസേഫ്ടി കാബിനറ്റ്, ഫ്യൂം ഹുഡ് എന്നിവയും ലാബിലുണ്ട്. ഭക്ഷ്യവസ്തുക്കളുമായി ലാബിലെത്തുന്നവർക്ക് സൗജന്യമായി ഗുണനിലവാരം പരിശോധിക്കാം. ഗുണനിലവാരം പരിശോധിച്ച ശേഷം റിസൾട്ട് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |