കോട്ടയം . ശാന്തമായി ഒഴുകുന്ന കൊടൂരാറിന് അരികിലൂടെ പാടശേഖരത്തിന്റെ ഭംഗി ആസ്വദിച്ച് വാക്കിംഗ് നടത്താണോ എങ്കിൽ കളത്തിൽക്കടവിലേക്ക് പോരൂ... കൊടൂരാറിന് കുറുകെ നീളത്തിൽ പരന്നു കിടക്കുകയാണ് കളത്തിൽക്കടവ് പാലം. പാലത്തിന് മുകളിൽ നിന്ന് കണ്ണിന് കുളിർമയേകുന്ന തരത്തിൽ നെൽപ്പാടം, പാടശേഖരത്തിന്റെ മദ്ധ്യഭാഗത്തായി ചെറിയ തോടും തോട്ടുവരമ്പും മോട്ടോർപ്പുരയും തണൽ മരങ്ങളും കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ചയാണ്. നഗരത്തിരക്കിൽ നിന്ന് മാറി മതിയാവോളം ഗ്രാമഭംഗി ആസ്വദി
ച്ച് മടങ്ങാമെന്നതാണ് പ്രത്യേകത. നീളത്തിൽ പരന്നു കിടക്കുന്ന ഇൻർലോക്ക് നടപ്പാതയാണ് പ്രധാന ആകർഷണം. രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നിരവേധിപ്പേരാണ് എത്തുന്നത്. ആറിൽ ചൂണ്ടയിടുന്നതിനും അവസരമുണ്ട്. ഫോട്ടോഷൂട്ടിനും പറ്റിയ ഇടം. കളത്തിൽക്കടവ് ഗസ്റ്റ് ഹൗസ് ലിങ്ക് റോഡാണ് വാക്കിംഗ് പാതയായി ഉപയോഗിക്കുന്നത്.
പ്രവേശനം ചെറിയ വാഹനങ്ങൾക്ക്.
റോഡിന് അരികിലെ കുറ്റികളാണ് സഞ്ചാരികളുടെ ഇരിപ്പിടം. മുൻപ് ലോറി കയറി റോഡിന്റെ ഒരുവശം താഴ്ന്നതിനെ തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രവേശനകവാടത്തിൽ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്.
പുഴയോര സായാഹ്നകേന്ദ്രവും.
കളത്തിൽക്കടവ് പാലം കയറിയെത്തിയാൽ പുഴയോര സായാഹ്നകേന്ദ്രവുമുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കൊപ്പം സായാഹ്നം ചെലവഴിക്കുന്നതിനും നടക്കുന്നതിനും നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |