പ്രക്ഷോഭപരിപാടികൾ ആലോചിക്കാൻ സി.ഐ.ടി.യു ദേശീയ കൺവെൻഷൻ ഇന്ന് കോയമ്പത്തൂരിൽ
കണ്ണൂർ :നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപ്പറേഷന് (എൻ.ടി.സി) കീഴിലുള്ള കണ്ണൂർ ഉൾപ്പടെയുള്ള തുണിമില്ലുകൾ തൂക്കി വിൽക്കാൻ നീക്കം തുടങ്ങി.ആസ്തി വിൽപനയ്ക്കു മുന്നോടിയായി ജൂൺ 30നകം തന്നെ രാജ്യത്തെ എൻ.ടി.സി മില്ലുകൾക്ക് പൂർണമായും താഴുവീഴും. സംസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികൾ ഇതോടെ പെരുവഴിയിലാകും.
എൻ.ടി.സി ചെയർമാൻ അശുതോഷ് ഗുപ്തക്ക് ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം കഴിഞ്ഞ ദിവസം അയച്ച കത്ത് ഇതിന്റെ സൂചനയായാണ് കരുതുന്നത്. ജൂൺ 30വരെയുള്ള സ്ഥാപനത്തിന്റെ ചെലവുകൾ, നിലവിലുള്ളതും തീർപ്പാകാത്തതുമായ വേതന കണക്കുകൾ, ജീവനക്കാർക്ക് വി.ആർ.എസിന് ആവശ്യമായ തുക തുടങ്ങിയ വിവരങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടത്. ടെക്സ്റ്റയിൽ മന്ത്രാലയത്തിന്റെ നിലപാടിൽ പ്രതിഷേധിക്കാനും ഭാവിപരിപാടികൾ ആലോചിക്കാനുമായി ഇന്ന് ടെക്‌സ്‌റ്റൈൽ–പവർലൂം തൊഴിലാളികളുടെ ദേശീയകൺവൻഷൻ കോയമ്പത്തൂരിൽ ചേരും.
ഇന്ത്യയിൽ ആകെ- 23 മില്ലുകൾ
തൊഴിലാളികൾ 7200
സംസ്ഥാനത്തെ എൻ.ടി.സി മില്ലുകൾ
കാനന്നൂർ സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽ കക്കാട്, കണ്ണൂർ , വിജയമോഹിനി മിൽസ് പൂജപ്പുര, അളഗപ്പ ടെക്സ്റ്റയിൽ കൊച്ചിൻ മിൽസ് ലിമിറ്റഡ്, തൃശ്ശൂർ, കേരള ലക്ഷ്മി മിൽസ് ലിമിറ്റഡ് തൃശ്ശൂർ
ആസ്തി ഒരു ലക്ഷം കോടി
ഒരു ലക്ഷം കോടിരൂപയിലധികം മൂല്യംവരുന്ന ആസ്തി നിലവിൽ എൻ.ടി.സി മില്ലുകൾക്കുണ്ട്. ഇതിൽ കണ്ണും നട്ടാണ് കേന്ദ്രം നീങ്ങുന്നത്. ആസ്തികൾ വിറ്റ് പണം കണ്ടെത്താനോ താൽപര്യമുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് മില്ലുകൾ കൈമാറാനോ ആണ് ആലോചന. എൻ.ടി.സി മില്ലുകളിൽ റിലയൻസ് നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നേമത്തെ വിജയമോഹിനിയും കണ്ണൂർ മില്ലുമടക്കം രാജ്യത്തെ 14 മില്ലുകൾ തുറന്നിരുന്നു. തിരഞ്ഞെടുപ്പുഫലം വന്നതോടെ വീണ്ടും അടച്ചു.കെട്ടിക്കിടക്കുന്ന നൂൽ വിറ്റഴിച്ചാൽ ഉടൻ തുറക്കുമെന്നാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ ആദ്യം പറഞ്ഞത്. നൂൽ വിറ്റുതീർന്നതോടെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് കേന്ദ്രം മലക്കംമറിഞ്ഞു.
എൻ.ടി.സി മില്ലുകൾ മാത്രമല്ല,
സ്വകാര്യമേഖലയിലും അതൃപ്തി
തമിഴ്നാട്ടിലും മറ്റും പ്രവർത്തിക്കുന്ന സ്വകാര്യ തുണിമില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തിരുപ്പൂരിലെ തുണിമില്ലുകൾ ഇന്നലെ മുതൽ അടച്ചുപൂട്ടി തൊഴിലാളികൾ സമരത്തിലാണ്. കോട്ടൺ, ചണം, ഫൈബർ, കമ്പിളി വിപണികൾ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലുമാണ്.
കയറ്റുമതി രംഗത്ത് മാന്ദ്യവും വിൽപ്പനയിൽ ഇടിവുമുണ്ടായതോടെ ഉൽപ്പാദനം കുറച്ചാണ് തുണിമില്ല് വ്യവസായം പിടിച്ചുനിന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഈ നില തുടർന്നാൽ പൊതുമേഖലയിലെ മാത്രമല്ല, സ്വകാര്യമേഖലയിലെ തുണിമില്ലുകളും അടച്ചു പൂട്ടേണ്ടി വരും-
എ.കെ. പദ്മനാഭൻ,ദേശീയ വൈസ് പ്രസിഡന്റ്, സി. ഐ.ടി.യു