കോട്ടയം. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേയ്ക്കുള്ള ആദ്യഘട്ട പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. പത്താം ക്ലാസ് വരെ 1194263 പുസ്തകങ്ങളാണ് 12 ഉപജില്ലകളുടെ കീഴിലുള്ള 250 സ്കൂൾ സൊസൈറ്റികൾ മുഖേന നൽകിയത്.
കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിയിൽ (കെ.ബി.പി.എസ്) നിന്നാണ് ജില്ലയിലെ ടെക്സ്റ്റ് ബുക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി പുസ്തകങ്ങൾ എത്തിക്കുന്നത്. ഇത് കുടുംബശ്രീ ഏറ്റെടുത്താണ് സ്കൂൾ സൊസൈറ്റിക്ക് കൈമാറുന്നത്. ഹബ്ബിൽ എത്തിക്കുന്ന പുസ്തകങ്ങൾ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ സോർട്ട് ചെയ്യും. ഓരോ സൊസൈറ്റിയും അവരുടെ ഇന്റന്റ് നമ്പർ സോഫ്റ്റ് വെയറിൽ നൽകിയിട്ടുണ്ട്. ഈ ഇന്റന്റ് എടുത്ത് കുടുംബശ്രീ അംഗങ്ങൾ സോർട്ട് ചെയ്തും സ്ട്രാപ്പ് ചെയ്തും ബൈൻഡ് ചെയ്തും പുസ്തകം എത്തിച്ചത്.
ഒരു സൂപ്പർവൈസർ, കുടുംബശ്രീ അംഗങ്ങളായ 10 പേർ എന്നിവരാണ് തരംതിരിക്കലിൽ ഏർപ്പെട്ടത്. മുൻപ് പൊൻകുന്നത്ത് പ്രവർത്തിച്ചിരുന്ന ബുക്ക് ഹബ്ബ് ഏപ്രിലിലാണ് പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലേക്ക് മാറ്റിയത്. കുറഞ്ഞ സമയത്തിനുള്ളിൽ ക്രമീകരണം നടത്തുന്നതിനും പാഠപുസ്തകങ്ങൾ തംരതിരിക്കുന്നതിനും 9 പേരെ അധികമായി എടുത്തിരുന്നു. കൂടാതെ, 5 സി.ഡി.എസ് അംഗങ്ങളും 40 ബ്ലോക്ക് കോ ഒാർഡിനേറ്റർമാരും പ്രവർത്തന ഏകോപനത്തിൽ പങ്കാളികളായി. 10 ഹരിതകർമസേന അംഗങ്ങളും രാത്രികാല പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു. ഇക്കഴിഞ്ഞ നാലിനാണ് വിതരണം ആരംഭിച്ചത്. അൺഎയ്ഡഡ് സ്കൂളിലേക്കുള്ള പുസ്തക വിതരണത്തിന്റെ ഭാഗമായുള്ള സോർട്ടിംഗും പുരോഗതിയിലാണെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |