തിരുവനന്തപുരം: പ്രായത്തിന്റേതായ പ്രശ്നം വല്ലതും ഉണ്ടോ എന്ന് മോഹൻലാൽ. ഐ ആം പെർഫക്ടലി ഓൾ റൈറ്റ് എന്ന് മധു. ഇന്നലെ തലസ്ഥാനത്ത് എത്തിയ സൂപ്പർസ്റ്റാർ മോഹൻലാൽ വൈകിട്ട് പോയത് പ്രിയ നടൻ മധുവിനെ കാണാൻ. കണ്ണമ്മൂലയിലെ വീട്ടിൽ എത്തിയപ്പോൾ പുഞ്ചിരിയോടെ മധു സ്വീകരിച്ചു. കണ്ണുകളിറുക്കി ചിരിച്ച് മോഹൻലാൽ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചു.
പിന്നെ ലാൽ സംസാരിച്ചുതുടങ്ങിയത് മധുവിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലെ വിശേഷങ്ങളറിയാനായിരുന്നു മധുവിന് തിടുക്കം. സിനിമ ഏതാണ്ട് പൂർത്തിയായതായും അവസാന വട്ട ഷൂട്ടിംഗിനായി പോർച്ചുഗലിലേക്ക് പോകുന്ന കാര്യവും മോഹൻലാൽ പറഞ്ഞു. ബറോസിന്റെ വിശേഷങ്ങളറിയാൻ ആരാധകരും ഏറെ കാത്തിരിക്കുകയാണ്.
ഇടയ്ക്ക് ലാലിന്റെ മകൻ പ്രണവിനെ കുറിച്ചായി സംസാരം. ഹൃദയത്തിൽ പ്രണവ് കലക്കിയെന്ന് മധു. യാത്രകൾ പ്രണവിന് ത്രില്ലാണെന്നും ഇപ്പോഴും യാത്രയിലാണെന്നും ലാൽ പറഞ്ഞു. വൈകിട്ട് നാലോടെ എത്തിയ മോഹൻലാൽ മുക്കാൽ മണിക്കൂറോളം സംസാരിച്ചിരുന്നു. ഇടയ്ക്ക് ഗ്രീൻ ടീ മധു നൽകിയത് ലാൽ ആസ്വദിച്ച് കുടിച്ചു. പിന്നെ ഒരുമിച്ച് ഏതാനും ഫോട്ടോകൾ എടുത്തു. ഉടനെ തന്നെ ഒപ്പം അഭിനയിക്കാനാകുമെന്ന് ആശംസിച്ചാണ് മോഹൻലാൽ യാത്രയായത്.