തിരുവല്ല : ഓണത്തിരക്ക് കഴിഞ്ഞതോടെ വടക്കൻ മലബാറിന്റെ മൊഞ്ച് അറിയാൻ കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര ഒരുക്കുന്നു. ബഡ്ജറ്റ് ടൂറിസം സെല്ലാണ് സഞ്ചാരികൾക്കായി വടക്കൻ ജില്ലകളുടെ സൗന്ദര്യം നുകരാൻ കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ അവസരം ഒരുക്കുന്നത്. തിരുവല്ലയിൽ നിന്ന് ഒക്ടോബർ ഏഴിന് രാത്രി 7ന് ആദ്യയാത്ര പുറപ്പെടും. വിസ്മയ പാർക്ക്, പറശ്ശനിക്കടവ്, സ്നേക്ക് പാർക്ക്, പൈതൽ മല, ബോട്ടിംഗ്, ഏഴരക്കുണ്ട്, പാലക്കയം തട്ട് എന്നിവിടങ്ങളിലൂടെ സന്ദർശിച്ച് 9ന് രാത്രി 9ന് തിരുവല്ലയിൽ തിരികെയെത്തും. താമസസൗകര്യം ലഭ്യമാണ്. ഡീലക്സ് ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 3490 രൂപയാണ് നിരക്ക്. പത്തനംതിട്ട, അടൂർ ഡിപ്പോകളിൽ നിന്നുള്ള യാത്രക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ സീസണിലെ ആദ്യ കടൽയാത്ര സെപ്തംബർ 25 ന് തുടങ്ങും. രാവിലെ പത്തിന് തിരുവല്ലയിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി വൈകുന്നേരം മൂന്നിന് കപ്പൽയാത്ര ആരംഭിക്കും. തിരികെ രാത്രി 9ന് ബോൾഗാട്ടിയിൽ എത്തി 11ന് തിരുവല്ലയിൽ എത്തിച്ചേരും വിധമാണ് യാത്ര ഒരുക്കിയിട്ടുള്ളത്. മുതിർന്നവർക്ക് 3049 രൂപയും കുട്ടികൾക്ക് 1349 രൂപയുമാണ് നിരക്ക്. വിനോദയാത്രകൾ വിജയകരമായതോടെ കെ.എസ്.ആർ.ടി.സിയുടെ മറ്റു യാത്രകളും ഈമാസം ഒരുക്കിയിട്ടുണ്ട്. 17ന് മൂന്നാർ, 18ന് ഇടുക്കി, 21ന് മലക്കപ്പാറ, 24ന് പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം എന്നീ ട്രിപ്പുകളും സഞ്ചാരികൾക്ക് ആസ്വദിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9744348037, 9074035832, 6238302403.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |