കൊച്ചി: കോർപ്പറേഷനിലെ നികുതി അപ്പീൽ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രിയ പ്രശാന്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നു രാവിലെ 11ന് കൗൺസിൽ ഹാളിൽ ചർച്ചചെയ്യും. നികുതി അപ്പീൽ കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ സോണി ജോസഫ്, ശാന്ത വിജയൻ, മിനി വിവേര, മാലിനി കുറുപ്പ് എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 9 അംഗ കമ്മിറ്റിയിൽ നിലവിൽ യു.ഡി.എഫ്- 4, എൽ.ഡി.എഫ്- 3, ബി.ജെ.പി- 2 എന്നിങ്ങനെയാണ് നികുതി അപ്പീൽ കമ്മിറ്റിയിലെ കക്ഷി നില.
അഞ്ചംഗങ്ങൾ ഹാജരായാൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനുള്ള ക്വാറം തികയൂ. ക്വാറം തികഞ്ഞില്ലെങ്കിൽ ചർച്ച ചെയ്യാതെ തന്നെ അവിശ്വാസ പ്രമേയം തള്ളും. അവിശ്വാസം പാസാകണമെങ്കിലും അഞ്ചംഗങ്ങളുടെ പിന്തുണ വേണം. യു.ഡി.എഫും എൽ.ഡി.എഫും ഒരുമിച്ചു നിന്നാൽ ബി.ജെ.പി ചെയർമാനെ പുറത്താക്കാം. എന്നാൽ, നിലവിൽ അങ്ങനെയാരു സാഹചര്യമില്ല.
പ്രമേയ ചർച്ചയിൽ നിന്നോ വോട്ടെടുപ്പിൽ നിന്നോ എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നാൽ ബി.ജെ.പിക്കാണ് ഗുണം. അങ്ങനെ വന്നാൽ പ്രമേയം പാസാകില്ല. കമ്മിറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം ബി.ജെ.പിക്ക് നിലനിറുത്താം. അതേസമയം, ഇന്നു നടക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് എൽ.ഡി.എഫും ബി.ജെ.പിയും വിട്ടുനിൽക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |