കോട്ടയം . ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാസംഗമത്തിന് ഉന്നത നേതാക്കളുടെ ഉറക്കം കെടുത്തി ശശിതരൂർ എത്തിയതിനെ ചൊല്ലി കോൺഗ്രസിൽ കലാപക്കൊടി. പരിപാടിയിൽ കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും, സീനിയർനേതാവ് കെ സി ജോസഫും, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷും പങ്കെടുത്തില്ല. വിവാദങ്ങളുടെ ഭാഗമാകാൻ ആഗ്രഹമില്ലാത്തതിനാൽ വിട്ടുനിന്നുവെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. തരൂരിന്റെ പരിപാടി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ഘടകം ഡി സി സി നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. പാർട്ടി ചട്ടക്കൂട് ആര് മറികടക്കുന്നതിനും കൂട്ടുനിൽക്കില്ല .തരൂർ പാർട്ടിയിൽ സമാന്തരനീക്കം നടത്തുമെന്ന് കരുതുന്നില്ലെങ്കിലും പ്രശ്നം കോൺഗ്രസ് അച്ചടക്ക സമിതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 'ശശി തരൂരിനെതിരെ എ ഐ സി സിക്ക് രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. പാർട്ടി മര്യാദ എന്തെന്ന് തരൂരിന് മനസിലായിട്ടില്ല. കീഴ്വഴക്കങ്ങൾ ലംഘിച്ചുള്ള തരൂരിന്റെ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ അടുപ്പക്കാരനായ യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയാണ് തരൂരിനെ യൂത്ത് കോൺഗ്രസ് മഹാസംഗമത്തിന് ക്ഷണിച്ചത്. ഇതിന്റെ പേരിൽ യൂത്ത്കോൺഗ്രസിലും ഭിന്നത രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |