വണ്ടിപ്പെരിയാർ: അനധികൃതമായി സൂക്ഷിച്ചിരുന്ന 146 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ വണ്ടിപ്പെരിയാർ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു.പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരി കണ്ടെടുത്തത്. അനധികൃതമായി റേഷൻ അരി സൂക്ഷിച്ചിരിക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വണ്ടിപ്പെരിയാർ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കുത്തരി ഗോതമ്പ്, പച്ചരി തുടങ്ങിയ 146 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസർ എ. മോഹനന് ഓഫീസിൽ ലഭിച്ച ഫോൺ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വണ്ടിപെരിയാർ മാർക്കറ്റിലെ ക്രിസ്തുരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തിയത്.പരിശോധനയിൽ കണ്ടെടുത്ത ഭക്ഷ്യന്യങ്ങൾക്ക് മതിയായ രേഖകൾ കാണിക്കുവാൻ സാധിക്കാത്തതിനാൽ കുട്ടിക്കാനത്തുള്ള സപ്ലൈകോയുടെ ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ മാറ്റി. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവ് നേരിടുന്ന സാഹചര്യത്തിൽ അനധികൃത ധാന്യ ശേഖരണം കണ്ടെത്തിയ റിപ്പോർട്ട് ജില്ലാകളക്ടർക്ക് സമർപ്പിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. ഇയാൾക്ക് 3 ഗോഡൗണുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവിടെയും വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർക്കൊപ്പം റേഷൻ ഇൻസ്‌പെക്ടർമാരിയ എസ്. ശ്രീകല, ആന്റണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു