വണ്ടൂർ: കവുങ്ങിന് പകരം ഇരുമ്പ് പൈപ്പുകളുപയോഗിച്ചാണ് ഇത്തവണ വണ്ടൂരിൽ സെവൻസ് ഫുട്‌ബാൾ ടൂർണ്ണമെന്റിന് ഗാലറികളുയരുന്നത്. കഴിഞ്ഞ തവണ ചിലയിടങ്ങളിൽ താത്കാലിക ഗാലറികൾ തകർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം.
വണ്ടൂർ വി.എം.സി മൈതാനത്ത് അഖിലേന്ത്യ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ഗാലറിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഗാലറിയുടെ തൂണുകളും ഇരിപ്പിടവുമെല്ലാം ഇത്തവണ ഇരുമ്പുകൊണ്ടാണ്. അടിയിൽ സ്റ്റാൻഡ് പിടിപ്പിച്ച് അതിൽ തട്ടുതട്ടായി ഇരിപ്പിടങ്ങൾ ഒരുക്കുകയാണ്. സ്ഥാപിക്കാനും ഊരിയെടുക്കാനും എളുപ്പം. ഗാലറിക്ക് കാല് സ്ഥാപിക്കാനായി കുഴികളെടുക്കേണ്ടതുമില്ല.
കഴിഞ്ഞ വർഷം മലയോരമേഖലയിൽ രണ്ടിടങ്ങളിലാണ് ടൂർണ്ണമെന്റിനിടെ താത്കാലിക ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്കേറ്റത്. കാലം തെറ്റിയെത്തുന്ന മഴയും പതിവാണ്. ഇതോടെയാണ് സംഘാടകരായ ജനകീയ കമ്മിറ്റി അൽപ്പമൊന്ന് മാറി ചിന്തിച്ചതെന്ന് വി.എം.സി പി.ടി.എ പ്രസിഡന്റും സംഘാടക സമിതി അംഗവുമായ പി. സിറാജുദ്ധീൻ പറഞ്ഞു.
കോഴിക്കോട് പുതിയ പാലം ആസ്ഥാനമായുള്ള സ്ഥാപനമാണ് ഇരുമ്പ് ഗാലറി നിർമ്മിക്കുന്നത്. വർഷങ്ങളായി ഈ രംഗത്ത് സജീവമായുണ്ടെങ്കിലും മലപ്പുറത്ത് ആദ്യമായാണ് ഗാലറി നിർമ്മിക്കുന്നത് .
മെച്ചം തന്നെ
2018ൽ കമുക് കൊണ്ട് ഗാലറി നിർമ്മിക്കാൻ ഏഴര ലക്ഷം ചെലവായിരുന്നു. ഇത്തവണ ഇരുമ്പുകൊണ്ടാവുമ്പോൾ ഒമ്പതേക്കാൽ ലക്ഷമാണ് ചെലവ്. നാലുകൊല്ലത്തിന്റെ വ്യത്യാസമുള്ളതിനാൽ ചെലവ് കൂടിയെന്ന് പറയാനാവില്ലെന്ന് സംഘാടക സമിതി പറയുന്നു.
കമുക് കൊണ്ടായിരുന്നപ്പോൾ 10 സ്റ്റെപ്പുകളിലായിട്ടായിരുന്നു ഇരിപ്പിടങ്ങൾ. ഇത്തവണ അത് 12 സ്റ്റെപ്പുണ്ട്. സീറ്റിംഗ് കപ്പാസിറ്റി കൂടും.
കൂടുതൽ സുരക്ഷിതമാണ്. സ്ഥാപിക്കാനും അഴിച്ചെടുക്കാനും എളുപ്പം.
കഴിഞ്ഞ വർഷം കമുക് കൊണ്ട് നിർമ്മിച്ച ഗാലറി തകർന്ന സംഭവങ്ങൾ ചിലയിടങ്ങളിലുണ്ടായിരുന്നു. അതിനാലാണ് സുരക്ഷിതമായ സംവിധാനം ഒരുക്കുന്നതിനെപ്പറ്റി ചിന്തിച്ചത്.
ശിഹാബ് , സംഘാടകസമിതി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |