SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

പേരാവൂർ സീറ്റ് ശൈലജയെ ഒതുക്കാനെന്ന് ആക്ഷേപം

kk-shailaja-

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ, ഭരണത്തിൽ തുടർച്ചയായ മൂന്നാം ഊഴത്തിനുള്ള സർവ സന്നാഹങ്ങളുമൊരുക്കി എൽ.ഡി.എഫ്. എന്നാൽ,​ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും പാർട്ടിയിലെ ജനകീയ മുഖങ്ങളിലൊന്നുമായ മുൻമന്ത്രി കെ.കെ.ശൈലജയെ താരതമ്യേന ജയസാദ്ധ്യത കുറഞ്ഞ കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ തളയ്ക്കാനുള്ള നീക്കം പാർട്ടിയിലും മുന്നണിയിലും കല്ലുകടിയാവുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് കേരളത്തിലെ റെക്കാഡ് ഭൂരിപക്ഷത്തിൽ (60,963) വിജയിച്ച ശൈലജയ്ക്ക് ഇത്തവണ മട്ടന്നൂർ സീറ്റ് നിഷേധിച്ചതിലും അണികളിൽ അതൃപ്തി പുകയുന്നു.

2011ൽ സിറ്റിംഗ് എം.എൽ.എയായിരുന്ന ശൈലജയെ തോൽപ്പിച്ചാണ് നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് 2016ലും 2021ലും സണ്ണി ജോസഫ് മണ്ഡലം നിലനിറുത്തി. കെ.പി.സി.സി പ്രസിഡന്റായ ശേഷവും പേരാവൂർ മണ്ഡലത്തിൽ നിറ സാന്നിദ്ധ്യമാണ് അദ്ദേഹം.

ഇരിക്കൂർ പോലെ ക്രിസ്ത്യൻ കുടിയേറ്റ കർഷകർക്ക് ഭൂരിപക്ഷമുള്ള പേരാവൂരും പൊതുവെ യു.ഡി.എഫ് അനുകൂല മണ്ഡലമാണ്. സണ്ണി ജോസഫിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാനെന്ന പേരിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് നിയോഗിക്കുന്നത് ശൈലജയെ ഒതുക്കാനുള്ള പാർട്ടി നേതൃത്വത്തിലെ ചിലരുടെ തന്ത്രമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

കെ.കെ.ശൈലജയെ കണ്ണൂർ ജില്ലയിലെ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ശൈലജയും പങ്കെടുത്തിരുന്നെങ്കിലും ഉപരി കമ്മിറ്റി അംഗമായതിനാൽ അഭിപ്രായം പറഞ്ഞിരുന്നില്ല. പേരാവൂർ സീറ്റിലെങ്കിലും പരിഗണിച്ചു കൂടേയെന്ന് ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങൾ ചോദിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല. എന്നാൽ, മട്ടന്നൂരിലല്ലെങ്കിൽ താൻ മത്സരിക്കാനില്ലെന്ന് അവർ പുറത്ത് സൂചനകൾ നൽകി.

 വിനയായി റെക്കാഡ് ഭൂരിപക്ഷം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം മികച്ച വിജയം നേടിയ സീറ്റുകളിൽ ആര് മത്സരിച്ചാലും ജയിക്കുമെന്നും സിറ്റിംഗ് എം.എൽ.എ തന്നെ വേണമെന്നില്ലെന്നുമാണ് നേതൃത്വത്തിന്റെ വാദം. എന്നാൽ, ചില പ്രത്യേക നേതാക്കളുടെ കാര്യത്തിൽ മാത്രമാണ് ഇത് ബാധകമാക്കുന്നതെന്ന ആക്ഷേപം ഉയരുന്നു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയെങ്കിലും അന്ന് മുഖ്യമന്ത്രിയാവുമെന്ന് കരുതിയിരുന്ന വി.എസ്.അച്യുതാനന്ദൻ തോറ്റു. പാർട്ടിയിലെ അന്നത്തെ കടുത്ത ഗ്രൂപ്പിസത്തിന്റെയും കാലുവാരലിന്റെയും ഇരയാവുകയായിരുന്നു വി.എസ്. പാർട്ടിയിൽ ഇപ്പോൾ അന്നത്തെ വിഭാഗീയത അസ്തമിച്ചു. എങ്കിലും പിന്നാക്ക വിഭാഗക്കാരിയും സി.പി.എമ്മിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാവാനുള്ള സാദ്ധ്യത പുറത്ത് കൽപ്പിക്കപ്പെടുന്ന നേതാവുമായ ശൈലജയെ ഒതുക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം പാർട്ടിയിൽ നടക്കുന്നതായാണ് വ്യാഖ്യാനം.

'തന്നെ ഒറ്റപ്പെടുത്തുന്നത് എന്തിന്"

സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തപ്പോൾ, തന്നെ ഒറ്റപ്പെടുത്തി നിറുത്തുന്നത് എന്തിനെന്ന് ശൈലജ വികാരഭരിതമായി ചോദിച്ചതായാണ് വിവരം. തുടർന്നാണ്, പേരാവൂർ സമ്മതമാണെങ്കിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടി ജനറൽ സെക്രട്ടറിയായ എം.എ.ബേബി ഈ വിഷയങ്ങളിൽ ഇടപെടാത്തതും ചർച്ചയായിട്ടുണ്ട്. തനിക്കു മത്സരിക്കാൻ താത്പര്യമുണ്ടെന്ന് മുൻമന്ത്രി ജി.സുധാകരൻ ബേബിയോട് പറഞ്ഞിരുന്നു. പക്ഷേ,​ അതിലും ജനറൽ സെക്രട്ടറി ഇടപെട്ടതായി വിവരമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K K SHAILAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA