SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

പാളയത്തിലെ പട കണ്ട് അമ്പരന്ന് സി.പി.എം

g

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, പാളയത്തിലെ പട കണ്ട് അങ്കലാപ്പിലായി സി.പി.എം നേതൃത്വം.

ഒരു തീരുമാനമെടുത്താൽ അണുകിട വ്യതിചലിക്കാത്ത നേതാക്കളും അണികളുമുള്ള പാർട്ടി ആദ്യമായിട്ടാണ് നിർണായകമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇത്തരത്തിലൊരു വെല്ലുവിളി നേരിടുന്നത്. മുൻകാലങ്ങളിൽ വി.എസിനെപ്പോലുള്ള നേതാക്കൾ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെങ്കിലും ജില്ലകൾതോറും

നേതാക്കൾ പാർട്ടിയെ ചോദ്യം ചെയ്യുന്നത് ജനങ്ങളുടെ മനസിൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും.
പാർട്ടിക്കായി സ്വന്തം അനുജന്റെ ജീവൻപോലും കൊടുക്കേണ്ടിവന്നിട്ടും പകച്ചുനിൽക്കാതെ പോരാടിയ ജി.സുധാകരൻ, വർഷങ്ങളോളം പാർട്ടിക്കായി പടപൊരുതിയ കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായിരുന്ന വി.കുഞ്ഞികൃഷ്ണൻ, കൊട്ടാരക്കരയിൽ ആർ. ബാലകൃഷ്ണപിള്ളയെന്ന അതികായനെ പരാജയപ്പെടുത്തി സി.പി.എമ്മിന്റെ കരുത്തായ അയിഷാപോറ്റി, മുൻ എം.എൽ.എയും ഇക്കഴിഞ്ഞ ദിവസം വരെ സർക്കാർ സംവിധാനത്തിന്റെ ഭാഗമായിരുന്ന പി.കെ.ശശി തുടങ്ങിയവർ ബന്ധം വിഛേദിച്ചത് പാർട്ടിയെ കുറച്ചൊന്നുമല്ല വിഷമവൃത്തത്തിലാക്കുന്നത്.

ശശി ഇന്നലെ പാലക്കാട്ട് വിമത കൺവെൻഷനിൽ പാർട്ടിക്കെതിരെയും ജില്ലാ സെക്രട്ടറിക്കെതിരെയും നടത്തിയ അതീരൂക്ഷ വിമർശനം തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വലിയ തലവേദനയാവും. മട്ടന്നൂരിലെ സുരക്ഷിത മണ്ഡലത്തിൽ നിന്നു കെ.കെ.ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിനെച്ചൊല്ലിയുള്ള തർക്കവും പാർട്ടി സെക്രട്ടറി ഒഴിഞ്ഞ തളിപ്പറമ്പിലേക്ക് ഭാര്യ പി.കെ.ശ്യാമളയെ പരിഗണിക്കുന്നതും പാർട്ടിക്കുള്ളിലും സൈബർമേഖലയിലും പ്രതിഫലിക്കുന്നുണ്ട്.

കറകളഞ്ഞ കമ്യൂണിസ്‌റ്റെന്ന് പ്രതിച്ഛായയുള്ള ജി.സുധാകരനെ വട്ടമിട്ട് പറക്കുകയാണ് കോൺഗ്രസ്. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാലും പിന്തുണ നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പാർട്ടി ഇന്നലെ പുറത്താക്കിയ ശശിക്ക് ഷൊർണൂരടക്കം ഇഷ്ടമുള്ള സീറ്റ് നൽകാനാണ് കോൺഗ്രസ് ആലോചന. വി.എസിന്റെ വിശ്വസ്തനായിരുന്ന എ.സുരേഷ് ഇന്നലെ വടകര ആർ.എം.പി.ഐയുടെ കൺവെൻഷനിലേക്കെത്തിയതോടെ സുരേഷിന്റെ സാദ്ധ്യതയും യു.ഡി.എഫ് ഉപയോഗിക്കുമെന്നുറപ്പായി. ഗൗരിയമ്മയ്ക്കുശേഷം തലയെടുപ്പോടെ വന്ന കെ.കെ.ശൈലജയെ മട്ടന്നൂരിലെ സ്വന്തം സീറ്റ് നിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റിനെതിരെ മത്സരിക്കാൻ നിയോഗിച്ചതിൽ പാർട്ടി അണികളിലും പ്രതിഷേധമുണ്ട്. തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിക്കു പകരം ഭാര്യ പി.കെ.ശ്യാമളയെ കൊണ്ടുവരുന്നതിലും കണ്ണൂരിൽ എതിരഭിപ്രായമുണ്ട്.

തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള തിരിച്ചടിക്കാതിരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ സി.പി.എം, ഇപ്പോൾ സ്വന്തം പാളയത്തിൽ നിന്നുള്ള തിരിച്ചടി ചെറുക്കാൻ വഴികൾ തേടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA