SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കെ.പി. ഉണ്ണികൃഷ്ണൻ നിത്യസ്മരണയായി

kp

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട് പന്നിയങ്കരയിലെ വസതിയായ പത്മാലയത്തിൽ പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും.

വി.കെ. കൃഷ്ണമേനോനു ശേഷം ദേശീയ രാഷ്ട്രീയത്തിൽ സവിശേഷ ശ്രദ്ധ നേടിയ നേതാവാണ് ഉണ്ണികൃഷ്ണൻ. നയതന്ത്രജ്ഞൻ, സോഷ്യലിസ്റ്റ്, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രസിദ്ധനാണ്. 1971 മുതൽ 1996 വരെ കാൽനൂറ്റാണ്ട് തുടർച്ചയായി വടകര എം.പിയായതിന്റെ അപൂർവ ബഹുമതിക്ക് ഉടമയാണ്. 1991ൽ വടകരയിലെ കോ-ലീ-ബി സഖ്യത്തിനെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചും ചരിത്രമെഴുതി. 1989-90 കാലത്ത് വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻസ്, ഷിപ്പിംഗ്, ഉപരിതല ഗതാഗത മന്ത്രിയായിരുന്നു. ഇക്കാലത്ത് ഇറാക്ക് യുദ്ധത്തെ തുടർന്ന് സദ്ദാംഹുസെെനുമായി നേരിൽ സംസാരിച്ച് നിരവധി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. നരസിംഹറാവു ഉൾപ്പെടെയുള്ള നേതാക്കളുമായും വി.കെ.എൻ ഉൾപ്പെടെയുള്ള എഴുത്തുകാരുമായും ഉറ്റ സൗഹൃദമുണ്ടായിരുന്നു.

ടൂറിസം വകുപ്പിൽ നിന്ന് വിരമിച്ച അമൃതയാണ് ഭാര്യ. മക്കൾ: സുദക്ഷിണ, നിരഞ്ജന. യു.കെയിൽ ബാങ്കിംഗ് മേഖലയിലായിരുന്നു സുദക്ഷിണയും ഭർത്താവ് സ്റ്റോഫൻ കെെസറും. സുദക്ഷിണ ഇപ്പോൾ കമോഡിറ്റി റിസർച്ച് നടത്തുകയാണ്. മുംബയിൽ ഫിലിം ഇൻഡസ്ട്രിയിൽ മീഡിയ ലോയറായ നിരഞ്ജന അവിവാഹിതയാണ്. അച്ഛൻ: അഡ്വ.കുഞ്ഞിക്കണ്ണൻ നായർ, അമ്മ അമ്മുക്കുട്ടിയമ്മ.സഹോദരങ്ങൾ: പരേതരായ ഡോ.കെ.പി.ഗോവിന്ദൻ, ലക്ഷ്മി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KP UNNIKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA