SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബം

naveen-babu

പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഭാര്യ മഞ്ജുഷയും മക്കളും. തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മഞ്ജുഷ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായ മഞ്ജുഷ തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലിരിക്കുമ്പോഴാണ് വിധി വന്നത്. തുടക്കം മുതൽ നിയമത്തിൽ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് ശ്രമിച്ചതെന്ന് അവർ വ്യക്തമാക്കി.

പ്രധാന പ്രതികളെല്ലാം രക്ഷപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കളക്ടറുടേയും പി.പി.ദിവ്യയുടേയും ഔദ്യോഗിക ഫോൺകോളുകൾ പൊലീസ് പരിശോധിച്ചിട്ടില്ല. കൈക്കൂലിവാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പ്രശാന്ത് നൽകിയ പരാതി കണ്ടെത്തിയിട്ടില്ല.

ഇത് പരിശോധിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രത്തിൽ ഇവയൊന്നും കാണാതായപ്പോഴാണ് ഹർജി നൽകിയത്. സത്യം പുറത്തുകൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

'കൈക്കൂലി വാങ്ങിയിട്ടില്ല'

കൈക്കൂലി വാങ്ങിയെന്ന തരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിന് ശേഷമാണ് നവീൻബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024 ഒക്ടോബർ 14ന് കണ്ണൂരിൽ നവീൻബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രസംഗം

പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തിന് എൻ.ഒ.സി നൽകാൻ വൈകിയതിനെ തുടർന്നാണ് സംഭവം. വിരമിക്കാൻ ഏഴു മാസം ബാക്കിയുള്ളപ്പോൾ സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് നവീൻ ബാബുവിന് ട്രാൻസ്ഫർ ലഭിച്ചിരുന്നു. തുടർന്നായിരുന്നു യാത്രയയപ്പ്

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം കേസ് നൽകി. പ്രത്യേക അന്വേഷണ സംഘം ആത്മഹത്യയാണെന്ന് റിപ്പോർട്ട് നൽകി. നവീൻബാബു കൈക്കൂലി വാങ്ങിയില്ലെന്ന് റവന്യു, വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു. എസ്.ഐ.ടി സമർപ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVEENBABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA