SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

സൈബ‌‌ർ തട്ടിപ്പിനെതിരെ ഓപ്പറേഷൻ സൈഹണ്ട് 2.0 : സിറ്റിയിൽ 25 പേരും റൂറലിൽ ഒരാളും അകത്ത്

cyber-crime

14 പേർ റിമാൻഡിൽ

കണ്ണൂർ/തളിപ്പറമ്പ്: സൈബർ തട്ടിപ്പ് ശൃംഖലകൾക്കെതിരെ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ സൈഹണ്ട് 2.0ന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ അറസ്റ്റിലായത് 25 പേർ. ഇവരിൽ പതിനാലുപേരെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 65 പരിശോധനകളാണ് നടന്നത്. പതിനൊന്നു പേർക്ക് നോട്ടീസ് നൽകി വിട്ടയച്ചു. കണ്ണൂർ റൂറൽ പൊലീസ് പരിധിയിൽ 27 പരിശോധനകളിൽ ഒരാളും അറസ്റ്റിലായി. നാലു പേർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻ.സി.ആർ.പി) രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് കേരള പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിലെ ഫണ്ട് ഒഴുക്ക് കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ചാനലൈസ് ചെയ്യുന്നതായി കണ്ടെത്തിയതാണ് ഓപ്പറേഷനിലെത്തിച്ചത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി.നിധിൻരാജിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ ഒരുമിച്ചാണ് ഓപ്പറേഷൻ നടപ്പാക്കിയത്. ഇരുപത് പരിശോധനകളാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നടന്നത്.

ഒട്ടേറെ മൊബൈൽ ഫോണുകൾ, ചെക്ക് ലീഫുകൾ, എ.ടി.എം കാർഡുകൾ, ബാങ്ക് ഇടപാട് രേഖകൾ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്നുതരം പരിശോധനകൾ
ചെക്ക് ഇടപാട് വഴി തട്ടിപ്പുപണം പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസ്

സൈബർ തട്ടിപ്പിനായി സ്വന്തം അക്കൗണ്ട് മറ്റൊരാൾക്ക് നൽകിയ (മ്യൂൾ അക്കൗണ്ട്)കേസുകൾ

എ.ടി.എം വഴി തട്ടിപ്പുപണം പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസുകൾ


അക്കൗണ്ട് കൈമാറുന്നവർ ജാഗ്രതൈ

ഏഴുവർഷം അകത്തുകിടക്കാം
സൈബർ തട്ടിപ്പുകളുടെ ഒരു പ്രധാന കണ്ണിയായി മ്യൂൾ അക്കൗണ്ടുകൾ മാറിക്കഴിഞ്ഞതായി സൈബർ ക്രൈം പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിഫലം വാഗ്ദാനം ചെയ്ത് അജ്ഞാതർ ഒരുക്കിയ ഈ കെണിയിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ നിരവധി പേർ അറിഞ്ഞും അറിയാതെയും വീഴുന്നുണ്ട്. തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം പിൻവലിച്ച് കൈമാറിയാൽ മതിയെന്ന ലാഘവബോധത്തിലാണ് പലരും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നത്.എന്നാൽ നിയമാനുസൃതമല്ലാതെ അക്കൗണ്ടിൽ വന്ന പണം മറ്റൊരാൾക്ക് കൈമാറിയതായി തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരം ഇടപാടുകൾ യഥാസമയം കണ്ടെത്തി അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനായി മിക്ക ദേശസാൽകൃത ബാങ്കുകളും മ്യൂൾ മോണിറ്ററിംഗ് സെൽ ആരംഭിച്ചിട്ടുണ്ട്. എൻ.സി.ആർ.പിയും ഇത്തരം അക്കൗണ്ടുകൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

മ്യൂൾ അക്കൗണ്ട്

സൈബർ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം വെളുപ്പിക്കുന്നതിനായി, അറിഞ്ഞോ അറിയാതെയോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്ന ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. കുറ്റവാളികൾക്ക് പണം സ്വീകരിക്കാനും കൈമാറാനും ഈ അക്കൗണ്ടുകൾ സഹായിക്കുന്നു.ഇതിലൂടെ നിയമ നിർവ്വഹണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരം അക്കൗണ്ട് ഉടമകൾ നിയമനടപടികൾ നേരിടേണ്ടി വരും.


സൈബർ തട്ടിപ്പ് ശൃംഖലകൾ തകർക്കുന്നത് ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ സൈഹണ്ട് തുടരും അക്കൗണ്ട് നൽകുന്നവർ, തട്ടിപ്പുപണം പിൻവലിക്കുന്നവർ, ഈ ശൃംഖലയിലെ ഏതൊരു കണ്ണിയും നിയമനടപടി നേരിടേണ്ടിവരും- കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL