SignIn
Kerala Kaumudi Online
Saturday, 23 May 2026 2.00 AM IST

കുളത്തുപ്പുഴയിൽ കടന്നൽക്കൂട് ഭീഷണി; അധികൃതർക്ക് അനക്കമില്ല

rt
മുപ്പതടിപ്പാലത്തിന് സമീപം ജനവാസ മേഖലയോട് ചേർന്നുള്ള തേക്കിലെ ഉണങ്ങിയ ശിഖരത്തിലെ കടന്നൽ കൂട് .

കുളത്തുപ്പുഴ: തിരുവനന്തപുരം-തെങ്കാശി അന്തർസംസ്ഥാന പാതയിൽ യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവന് ഭീഷണിയായി കൂറ്റൻ കടന്നൽക്കൂട് രൂപപ്പെടുന്നു. കുളത്തുപ്പുഴ ആനവട്ടച്ചിറ മുപ്പതടിപ്പാലത്തിന് സമീപം ജനവാസ മേഖലയോട് ചേർന്നുള്ള തേക്കിൻമരത്തിന്റെ ഉണങ്ങിയ ശിഖരത്തിലാണ് ആയിരക്കണക്കിന് കടന്നലുകളുള്ള കൂട് നിലവിലുള്ളത്. പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് സ്കൂളുകൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കവേ, വിദ്യാർത്ഥികളടക്കമുള്ളവരുടെ സുരക്ഷയെക്കരുതി അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് നാട്ടുകാർ.

 ആറുമാസമായിട്ടും നടപടിയില്ല

കഴിഞ്ഞ ആറുമാസത്തോളമായി ഈ തേക്കിൻമരത്തിൽ കടന്നൽക്കൂട് കാണപ്പെടാൻ തുടങ്ങിയിട്ട്. തുടക്കത്തിൽ ചെറുതായിരുന്ന കൂട് ഇപ്പോൾ വൻതോതിൽ വലുതാവുകയും ആയിരക്കണക്കിന് കടന്നലുകളുടെ താവളമായി മാറുകയും ചെയ്തിട്ടുണ്ട്. ജനവാസമേഖലയായതിനാൽ പ്രദേശവാസികളും അന്തർസംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാരും കടുത്ത ഭീതിയിലാണ് ഇവിടെ കഴിയുന്നത്.

 11 കെ.വി ലൈൻ തടസമെന്ന് വനംവകുപ്പ്

കടന്നൽക്കൂട് ഭീഷണിയായതു മുതൽ നാട്ടുകാരും ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് നിരവധി തവണ പരാതികൾ നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കടന്നൽക്കൂടിന് തൊട്ടുതാഴെക്കൂടി 11 കെ.വി വൈദ്യുത ലൈൻ കടന്നുപോകുന്നുണ്ടെന്നും, ഇതാണ് കൂട് നിർവീര്യമാക്കുന്നതിന് തടസമെന്നുമാണ് വനപാലകർ ഉന്നയിക്കുന്ന ന്യായം. എന്നാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തി ലൈൻ താല്ക്കാലികമായി ഓഫ് ചെയ്ത് അപകടം ഒഴിവാക്കാനുള്ള യാതൊരു ശ്രമവും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

 ദുരന്തത്തിന് മുൻപ് ഇടപെടൽ വേണം

സ്കൂൾ കുട്ടികളടക്കം നിരന്തരം ആശ്രയിക്കുന്ന ഈ പാതയിലെ കടന്നൽക്കൂട് അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തപക്ഷം വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. ഉണങ്ങിയ മരച്ചില്ല ഒടിഞ്ഞു വീണാലോ, മറ്റെന്തെങ്കിലും കാരണത്താൽ കടന്നലുകൾ ഇളകിയാലോ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകൾ കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL