SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

കൃഷി നശിപ്പിച്ച് മയിലുകൾ കർഷകർ ദുരിതത്തിൽ

കല്ലറ: മലയോര മേഖലയിൽ വന്യമൃഗശല്യത്തിന് പുറമെ മയിൽ ശല്യവും രൂക്ഷം. കല്ലറ,പാങ്ങോട്,പുളിമാത്ത്,വാമനപുരം പ്രദേശങ്ങളിൽ ചേന,ചേമ്പ്,ചക്ക,വാഴ തുടങ്ങിയ കൃഷിയിടങ്ങളിൽ മയിൽക്കൂട്ടം വ്യാപകമായി നാശം വിതയ്ക്കുകയാണ്. കപ്പയുടെ തണ്ടുകളടക്കം കൊത്തി കഴിക്കുകയാണ്. ഇത് വലിയ നഷ്ടമാണ് കർഷകർക്കുണ്ടാക്കുന്നത്. വായ്പകളെടുത്താണ് മിക്ക കർഷകരും മലയോരമേഖലയിൽ കൃഷി ചെയ്യുന്നത്. മയിലുകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനെതിരെ വനം വകുപ്പിൽ നിരവധി പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്.നിയമനടപടി ഭയന്ന് കർഷകർ മയിലുകളെ ഉപദ്രവിക്കാറില്ല.മലയോര മേഖലയിലെ സ്വകാര്യവ്യക്തികളുടെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് മയിലുകളുടെ വാസം.ഇവിടെ മുട്ട വിരിഞ്ഞ് പെരുകുന്ന മയിലുകളാണ് കർഷകർക്ക് ദുരിതമായി മാറുന്നത്.പെരുകുന്ന മയിലുകളെ നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തര നടപടിയെടുത്തില്ലെങ്കിൽ കൃഷിയിറക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

കാവൽ നിൽക്കണം

മയിലുകൾ കൂട്ടത്തോടെയെത്തുക പകൽ സമയങ്ങളിലാണ്. മുള്ളൻപന്നി പോലുള്ളവ രാത്രിയിലും.ഫലത്തിൽ രാവും പകലും കർഷകർക്ക് കൃഷിയിടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയെന്നതാണ് യാഥാർത്ഥ്യം. പന്നികളെ ഒരുപരിധിവരെ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ കഴിയുമെങ്കിലും മയിലുകൾ പറന്നു വരുന്നതിനാൽ പലപ്പോഴും തടയാൻ കഴിയാറില്ല. വിളവെടുക്കാൻ പാകമായ കപ്പയുടെയും ചേനയുടെയും തണ്ടുകൾ മയിലുകൾ കൊത്തി കഴിക്കുന്നത് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു.

വരൾച്ചയുടെ സൂചന

മയിലുകൾ മലയോര പ്രദേശങ്ങളിൽ പെരുകുന്നതിന്റെ പ്രധാന കാരണം വരൾച്ച വരാൻ സാദ്ധ്യതയുള്ളതിനാലാണെന്ന് കർഷകർ ആശങ്കപ്പെടുന്നു. പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് മയിലുകൾ കാണപ്പെടുക. നല്ല മഴ ലഭിക്കുന്ന മലയോര ഗ്രാമങ്ങളിലേക്ക് മയിലുകൾ കൂട്ടത്തോടെ എത്തുന്നത് കാലാവസ്ഥ വ്യതിയാനവും,വരൾച്ചയും ഭാവിയിലുണ്ടാകുമെന്ന സൂചനയുടെയും അടിസ്ഥാനത്തിലാണ്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട മയിലുകളെ ആക്രമിക്കാനും കഴിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL