SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

അത് കളക്ടർക്ക് കണ്ണീരോർമ്മ 'സ്വപ്‌നം കാണാൻ പഠിപ്പിച്ചത് അച്ഛൻ'

photo

തൃശൂർ: 'സ്വപ്നം കാണാൻ പഠിപ്പിച്ചത് അച്ഛനാണ്. കളക്ടറായി ചാർജെടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു'. പദവി ഏറ്റെടുത്ത ശേഷം ശിഖ സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ.
പിതാവ് പകർന്നു നൽകിയ ഇച്ഛാശക്തിയുടെയും അമ്മയുടെ നിശബ്ദമായ പോരാട്ടത്തിന്റെയും കഥയുമായാണ് കളക്ടർ ചുമതലയേറ്റത്. തന്നെ ഈ കസേരയിൽ എത്തിച്ചതിന് പിന്നിലെ കഠിനാദ്ധ്വാനവും വൈകാരിക നിമിഷങ്ങളും അവർ വിവരിക്കുന്നു. തിങ്കളാഴ്ചയാണ് ശിഖ സുരേന്ദ്രൻ ആദ്യമായി കളക്ടറായി ചുമതലയേറ്റത്.


പോസ്റ്റിന്റെ പൂർണ രൂപം

ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ നൽകാനായിട്ടില്ല.. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛന്റെ അനുഗ്രഹം എന്നും എന്നിലുണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള ഊർജ്ജം...ചാർജ് എടുക്കാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛന്റെ അഭാവമാണ്. എന്നോടൊപ്പം കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ട് അമ്മ ഒന്നും മിണ്ടിയില്ല. അച്ഛൻ രോഗ ബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കായി വിയർപ്പൊഴുക്കി അദ്ധ്വാനിച്ചത് അമ്മയാണ്. സിവിൽ സർവീസ് കോച്ചിംഗിന് കുടുംബശ്രീയിൽ നിന്നും, സഹകരണ ബാങ്കിൽ നിന്നും ലോണെടുത്തു.
വീട്ടിലെ അവസ്ഥ മനസിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാമെന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും പിന്തിരിപ്പിച്ചു. സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസിൽ നിന്നും കളക്ടറുടെ കസേരയിലേക്ക് എന്നെയെത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രമല്ല. മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ, ചെയ്യാമെന്ന് കരുതി മാറ്റിവയ്ക്കുമ്പോൾ, തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ, എല്ലാം മകൾ നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണെന്ന് ശിഖ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL